മലയാളം മിഷൻ ‘നീലക്കുറിഞ്ഞി’ പരീക്ഷ നാളെ; മുംബൈയിൽ നിന്ന് 7 പഠിതാക്കൾ; തുടർച്ചയായ മൂന്നാം വിജയപ്രതീക്ഷയിൽ മുംബൈ ചാപ്റ്റർ

by admin

മുംബൈ: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയായ ‘നീലക്കുറിഞ്ഞി’ പരീക്ഷ ജൂലൈ 5-ന് (നാളെ) നടക്കും. മലയാളം മിഷൻ ഭാഷാധ്യാപനത്തിന്റെ അവസാന ചരണമായ ഈ പരീക്ഷ നടത്തുന്നത് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പാണ്. മുംബൈയിലെ പരീക്ഷാകേന്ദ്രം ചെമ്പൂർ ആദർശ വിദ്യാലയമാണ്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാർഥികൾ രാവിലെ 9:30-ന് മുൻപായി പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കേണ്ടതാണ്.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം പരീക്ഷയ്ക്ക് തുല്യമായാണ് നീലക്കുറിഞ്ഞി പരീക്ഷയെ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ, ഈ പരീക്ഷ പാസാകുന്ന കുട്ടികൾക്ക് കേരള സർക്കാരിന്റെ പി.എസ്.സി പരീക്ഷകൾ എഴുതാനുള്ള യോഗ്യത കൂടി ലഭിക്കുമെന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്.

120 പഠിതാക്കൾ; ഒൻപത് കേന്ദ്രങ്ങൾ

ബഹറീൻ, ഗോവ, ഗുജറാത്ത്, കുവൈറ്റ്, പൂനെ, കർണാടക, തമിഴ്‌നാട്, ഡൽഹി, മുംബൈ എന്നീ ചാപ്റ്ററുകളിൽ നിന്നായി ആകെ 120 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലും, കേരളത്തിന് പുറത്ത് മുംബൈ അടക്കം ഒൻപത് കേന്ദ്രങ്ങളിലുമായാണ് നാളെ പരീക്ഷ നടക്കുന്നത്.

മുംബൈ ചാപ്റ്ററിൽ നിന്നും ഇത്തവണ ഏഴ് പഠിതാക്കളാണ് പരീക്ഷാഹാളിലെത്തുന്നത്. അതാത് പഠനകേന്ദ്രങ്ങളിലെ അധ്യാപകരുടെ പരിശീലനത്തിന് ശേഷം, മലയാളം മിഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള വിദഗ്ദ്ധ അധ്യാപകരുടെയും മുംബൈ ചാപ്റ്ററിലെ നീലക്കുറിഞ്ഞി അധ്യാപകരുടെയും തീവ്രപരിശീലനം പൂർത്തിയാക്കിയാണ് ഇവർ പരീക്ഷയ്ക്ക് സജ്ജരായിരിക്കുന്നത്.

തുടർച്ചയായ മൂന്നാം വിജയപ്രതീക്ഷയിൽ മുംബൈ

2024 മാർച്ചിൽ നടന്ന പ്രഥമ നീലക്കുറിഞ്ഞി പരീക്ഷയിൽ മുംബൈ ചാപ്റ്ററിൽ നിന്ന് എഴുതിയ 21 പേരും, 2025 ജൂണിൽ നടന്ന പരീക്ഷ എഴുതിയ 19 പേരും ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. നാളെ നടക്കുന്ന പരീക്ഷയിലും മുംബൈയിലെ പഠിതാക്കൾ മിന്നുന്ന വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷ. മറുനാട്ടിൽ ജനിച്ചുവളർന്ന ഈ കുട്ടികൾ നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത് മുംബൈയിലെ മലയാളം മിഷൻ പ്രവർത്തകർക്കും ഭാഷാസ്നേഹികൾക്കും ഏറെ അഭിമാന നിമിഷമാണ്.

മുംബൈ ചാപ്റ്ററിന്റെ മുൻ അധ്യക്ഷനും നോവലിസ്റ്റുമായ ബാലകൃഷ്ണൻ പരീക്ഷ എഴുതുന്ന എല്ലാ പഠിതാക്കൾക്കും ആശംസകൾ നേർന്നു. ഒപ്പം, അവരെ പരീക്ഷയ്ക്കായി സജ്ജരാക്കിയ അധ്യാപകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ മലയാളം മിഷൻ മുംബൈ ചാപ്റ്റർ ഭാരവാഹികളായ ആർ. ഡി. ഹരികുമാർ (പ്രസിഡന്റ്), റീന സന്തോഷ് (സെക്രട്ടറി) എന്നിവർ പങ്കുവെച്ചു.

You may also like