മുംബൈ: മുംബൈ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര മുൻകരുതലുകളുമായി സംസ്ഥാന ഭരണകൂടം. നഗരത്തിലെ പല ഭാഗങ്ങളിലും 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വരും മണിക്കൂറുകൾ ഏറെ നിർണായകമാണെന്നും ദുരന്തനിവാരണ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈ, താനെ, പാൽഘർ, പുണെ, സത്താറ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മൂലമുണ്ടായ കനത്ത മഴയെത്തുടർന്ന് ഈ പ്രദേശങ്ങളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും അപ്‌ഡേറ്റുകൾ പുറപ്പെടുവിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മിഠി നദി അപകടരേഖ കടന്നതായും തീരപ്രദേശങ്ങളിൽ നിന്ന് നാനൂറോളം മുതൽ അഞ്ഞൂറോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഫഡ്‌നാവിസ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. നിലവിൽ ഗതാഗതം മന്ദഗതിയിലാണ്; ലോക്കൽ ട്രെയിനുകൾ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. കടലിൽ ഉയർന്ന തിരമാലകൾക്ക് (High Tide) സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈകുന്നേരത്തെ കാലാവസ്ഥ നോക്കി സ്കൂളുകളുടെ അവധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണ മേഖലകളിൽ വീടുകൾ തകരുകയും കന്നുകാലികൾ ചാവുകയും ചെയ്തതുൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരിതബാധിതർക്ക് താമസംവിനാ അടിയന്തര ധനസഹായം ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് അറിയിച്ചു. കൃഷിനാശം സംഭവിച്ചവർക്കുള്ള ധനസഹായം കൃത്യമായ നാശനഷ്ട വിലയിരുത്തലുകൾക്ക് ശേഷം എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.