മുംബൈ : പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ഷൈന എൻ.സി. ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാവുന്നതാണെന്നും അവർ തുറന്നടിച്ചു.
പാകിസ്ഥാന്റെ നിലപാടുകളെയാണ് ഫാറൂഖ് അബ്ദുല്ല ആവർത്തിക്കുന്നതെന്ന് ഷൈന എൻ.സി. കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ രാജ്യദ്രോഹപരവും ദേശവിരുദ്ധവുമാണെന്നും അവർ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നത് അവിടത്തെ ജനങ്ങളെ സംരക്ഷിക്കാനാണെന്ന തരത്തിലുള്ള ഫാറൂഖ് അബ്ദുല്ലയുടെ പരാമർശമാണ് രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.