മുംബൈ: മുംബൈയിൽ സെൻട്രൽ റെയിൽവേയുടെ മെയിൻ ലൈനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറായി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും (സി.എസ്.എം.ടി) കല്യാണിനും ഇടയിലുള്ള സർവീസുകളാണ് തടസ്സപ്പെട്ടത്. ഒന്നിന് ഒന്നര മണിക്കൂർ വരെ ട്രെയിനുകൾ വൈകിയതോടെ ആയിരക്കണക്കിന് യാത്രാക്കാരാണ് ദുരിതത്തിലായത്.
സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാറും ഓവർഹെഡ് വയറിലുണ്ടായ പ്രശ്നങ്ങളുമാണ് തുടർച്ചയായ തടസ്സങ്ങൾക്ക് കാരണമായത്. മുളുണ്ട് സ്റ്റേഷന് സമീപം എ സി ലോക്കൽ ട്രെയിനുകൾക്ക് ഉള്ളിൽ യാത്രക്കാർ ഏകദേശം 45 മിനിറ്റോളം കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം ട്രെയിനുകൾ അനങ്ങാതെ കിടന്നതോടെ നിസ്സഹകരായ ചില യാത്രക്കാർ വണ്ടികളിൽ നിന്ന് പുറത്തിറങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്നുനീങ്ങുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തകരാറുകൾ പരിഹരിച്ച് ട്രെയിൻ സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.