മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു. നവംബർ 1 ഞായറാഴ്ച മലാഡ് ഈസ്റ്റ് കുരാർ വില്ലേജിലെ സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.00-ന് മഹാബലിയെ വരവേൽക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് വിവിധ വിനോദ മത്സരങ്ങളും സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകൻ ബിജുകുമാർ, മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതി സെക്രട്ടറി അഡ്വ. രാഖി സുനിൽ എന്നിവർ പങ്കെടുക്കും. HSC, SSC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമാജം അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും.
കേരളപ്പിറവിയോടനുബന്ധിച്ച് സമാജം സംഘടിപ്പിച്ച ക്വിസ്, ഡ്രോയിങ്, സ്പോട്ട് ഗെയിം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.