നവി മുംബൈ: നവി മുംബൈയിലെ സീവുഡ്‌സ് സെക്ടർ 48 ലെ ഗണേശ് മൈതാനത്ത് നാളിതുവരെ കാണാത്ത മലയാളി ചന്തം തുടിക്കുന്ന ഗ്രാമചന്തയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയായി. സീവുഡ്‌സ് മലയാളി സമാജം തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അതിവിപുലമായ ഗ്രാമചന്ത ജൂൺ ആറിന് വൈകിട്ട് 4:30 മുതൽ ഒമ്പതര വരെയാണ് അരങ്ങേറുന്നത്. പഴമയുടെ മധുരം വിളമ്പുന്ന ഈ ഉത്സവത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
ഗ്രാമചന്തയുടെ പോസ്റ്റർ അനാവരണം ബുധനാഴ്ച്ചയും, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള തുണിസഞ്ചി വിതരണോദ്ഘാടനം വ്യാഴാഴ്ച്ചയും നടന്നു. ചന്തയൊരുങ്ങുന്ന ഗണേശ് മൈതാനത്തിൽ ഡോ. നിമ മോഹൻ സമാജം പ്രവർത്തകയായ സിന്ധു സുനിലിന് നൽകിയാണ് തുണിസഞ്ചിയുടെ വിതരണം നിർവ്വഹിച്ചത്.

ഒടുങ്ങാത്ത ആവേശമായി ‘പൊന്ന്യത്തങ്കം’
ജൂൺ ആറിന് വൈകിട്ട് 4:30-ന് ഗ്രാമചന്തയുടെ ഒത്തനടുക്കിലായി പൊന്ന്യത്തങ്കം മാതൃകയിൽ അങ്കത്തട്ടൊരുങ്ങും. തച്ചോളി ഒതേനനും ഒതേനന്റെ ഗുരുവായ കതിരൂർ ഗുരുക്കളും പരസ്പരം പോരിനായി തിരഞ്ഞെടുത്ത പൊന്യത്തെ ഏഴരക്കണ്ടത്തിന്റെ ഓർമ്മകളിൽ, 500-ലധികം വർഷങ്ങൾക്ക് ശേഷം മഹാനഗരത്തിൽ വീണ്ടും മെയ്യഭ്യാസത്തിന്റെ വിസ്മയ പ്രകടനം അരങ്ങേറുകയാണ്. ഇരു ദേശങ്ങളിലെ തർക്കം തീർക്കാൻ രണ്ടു ദേശത്തെ ചേകവർ വാശിയേറിയ കളരിപ്പയറ്റ് നടത്തുന്ന മട്ടിലാണ് ഈ കായികാഭ്യാസം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് ഇത്തവണത്തെ സവിശേഷ ശ്രദ്ധയാകർഷിക്കും.

പഴമയുടെ വിപണിയും നാടൻ രുചികളും
പണ്ടത്തെ പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കോലുമിഠായി, കപ്പ, കഞ്ഞി, പായസം, ബിരിയാണി തുടങ്ങി നിരവധി നാടൻ വിഭവങ്ങൾ ചന്തയ്ക്ക് കൊഴുപ്പേകും. എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടകളും പായസക്കടകളും മീൻ വിപണിയും ചമയക്കടകളും ഇവിടെയുണ്ടാകും. കൂടാതെ കുളിക്കടവ്, ഊഞ്ഞാൽ, ഗ്രന്ഥാലയം, പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേള, പഴയ വാഹനങ്ങളുടെ ഗാരേജ്, നാടകം എന്നിവയും ഗ്രാമചന്തയെ സവിശേഷമാക്കും. പഴയകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഭാഗ്യനറുക്കെടുപ്പും ഇതിന്റെ ഭാഗമായി നടക്കും.
മാതൃകയായി പരിസ്ഥിതി സൗഹൃദ ചന്ത
ലോക്കൽ ഈസ് ഫ്യൂച്ചർ’ എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമചന്തകളുടെ നന്മ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഉദ്യമം. കാർബൺ പാദമുദ്ര കുറയ്ക്കുന്ന ശ്രമങ്ങളുടെ ഭാഗമായി പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ ഗ്രാമചന്തയ്ക്കാണ് സമാജം ഒരുക്കം കൂട്ടുന്നത്. പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി മേൽത്തരം തുണി സഞ്ചികൾ ചന്തയിൽ ലഭ്യമാക്കും. വേസ്റ്റ് സമാഹരണത്തിൽ മുൻപന്തിയിലുള്ള സമാജത്തിന്റെ ഈ നീക്കം മറ്റ് സംഘടനകൾക്കും മാതൃകയാണ്.
ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന ഈ ഗ്രാമചന്ത പുതിയ തലമുറയ്ക്ക് കേരളത്തിൻ്റെ വിപണിയുടെ നാൾവഴികൾ പരിചയപ്പെടുത്തുമെന്നും, മുതിർന്നവർക്ക് ഓർമ്മകളുടെ വസന്തം സൃഷ്‌ടിക്കുമെന്നും സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടുക:
Shashi Nair – 9967063280
PGR Nair – 9004470324