ചലച്ചിത്ര അക്കാദമി വിവാദം: പ്രേംകുമാറിനോട് മുൻ സർക്കാർ കാട്ടിയത് ക്രൂരമായ നെറികേടെന്ന് ഇന്ദ്രൻസ്

by WhatsUp Mumbai
Published: Updated:

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ അപ്രതീക്ഷിതമായി നീക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഇന്ദ്രൻസ്. പ്രേംകുമാറിനോട് കാട്ടിയത് ശുദ്ധ നെറികേടാണെന്നും സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അനുവദിക്കാതെയാണ് അദ്ദേഹത്തെ പടിയിറക്കിയതെന്നും ഇന്ദ്രൻസ് തുറന്നടിച്ചു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചലച്ചിത്ര ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും പിടിച്ചുകുലുക്കുന്ന ഇന്ദ്രൻസിന്റെ ഈ വെളിപ്പെടുത്തൽ.

പ്രേംകുമാറിനെ മാറ്റിയ നടപടി തനിക്ക് മാത്രമല്ല, സിനിമയ്ക്കുള്ളിലെ വലിയൊരു വിഭാഗത്തിനും കടുത്ത സങ്കടമുണ്ടാക്കിയെന്ന് ഇന്ദ്രൻസ് പറയുന്നു. “പറഞ്ഞാൽ ഇറങ്ങിപ്പോകാത്ത ആളൊന്നുമല്ല പ്രേംകുമാർ. അന്തസ്സായി പറഞ്ഞ് യാത്രയാക്കാമായിരുന്നു. നാളെ മുതൽ വരേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ, പേനയോ പുസ്തകമോ അവിടെയുണ്ടെങ്കിൽ അതുമെടുത്ത് അദ്ദേഹം സ്വസ്ഥമായി പോയേനെ. ചിലരുടെയൊക്കെ ഇഷ്ടക്കാർക്ക് കടന്നുകൂടാൻ വേണ്ടിയാണ് യോഗ്യതയുള്ളവരെ ഇങ്ങനെ പുകച്ചുചാടിക്കുന്നത്. യോഗ്യതയില്ലാത്തവർ അങ്ങനെയൊക്കെ കടന്നുകൂടും,” ഇന്ദ്രൻസ് ആഞ്ഞടിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെയും (IFFK) അക്കാദമിയുടെയും മുൻകാല സുതാര്യതയെക്കുറിച്ചും ഇന്ദ്രൻസ് ഓർമ്മിപ്പിച്ചു. സിനിമകളുടെ തിരഞ്ഞെടുപ്പിലും അവാർഡ് നിർണ്ണയത്തിലും മുൻപുണ്ടായിരുന്ന അന്തസ്സും നിലവാരവും ഗോവ ഫെസ്റ്റിവലിൽ പോകുമ്പോൾ പോലും മറ്റുള്ളവർ പ്രശംസിച്ചിരുന്നതാണ്. ആ അക്കാദമിക്കാണ് ഇന്ന് ഈ ഗതികേട് വന്നിരിക്കുന്നത്. ഇത് വെറുതെ വിട്ടുകളയേണ്ട ഒരു വകുപ്പല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ ഒരു ഭരണസംവിധാനമുണ്ടെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

നേരത്തെ, തന്നെ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയ രീതിക്കെതിരെ പ്രേംകുമാറും പരസ്യമായി രംഗത്തെത്തിയിരുന്നു. വെറും പതിനായിരം രൂപ ഓണറേറിയം കൈപ്പറ്റി, ഒരു സിനിമയിൽ പോലും അഭിനയിക്കാതെ പൂർണ്ണസമയവും അക്കാദമിക്കായി മാറ്റിവെച്ച തന്നോട് കാട്ടിയത് മാന്യതയില്ലാത്ത നടപടിയാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. കടുത്ത അർപ്പണബോധത്തോടെ പ്രവർത്തിച്ച ഒരു സാധാരണ മനുഷ്യന്റെ വികാരത്തെ മുറിവേൽപ്പിക്കുന്നതായിരുന്നു ആ പടിയിറക്കമെന്നും പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഇന്ദ്രൻസിന്റെ ഈ പുതിയ പ്രതികരണം ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

You may also like