മുംബൈ:പുരസ്കാരജേതാവായ നടി ബീന ആർ. ചന്ദ്രൻ അവതരിപ്പിക്കുന്ന ഏകാംഗ നാടകം ‘ഒറ്റ ഞാവൽമരം’ ഈ ശനിയാഴ്ച (ഫെബ്രുവരി 21) നവി മുംബൈയിൽ അരങ്ങേറും.
Indian People’s Theatre Association (IPTA) മുംബൈയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകാവതരണം വൈകിട്ട് 6.59ന് എൻ ബി കെ എസ് ഹാളിൽ നടക്കും.
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ പ്രശസ്ത കഥയായ ‘വേനലിന്റെ ഒഴിവ്’ ആസ്പദമാക്കി രൂപപ്പെടുത്തിയിരിക്കുന്ന നാടകത്തിൽ, ജീവിതത്തിന്റെ ഒറ്റപ്പെടലുകളും ഓർമ്മകളുടെയും മാനസിക സംഘർഷങ്ങളുടെയും അന്തർയാത്രയും ശക്തമായി അവതരിപ്പിക്കുന്നു.
ഒരു സ്ത്രീയുടെ ആത്മസംവാദത്തിലൂടെ സമൂഹവും കുടുംബബന്ധങ്ങളും കാലവും ഓർമ്മകളും ചേർന്ന് തീരുന്ന ജീവിതരേഖയാണ് ‘ഒറ്റ ഞാവൽമരം’ വേദിയിൽ സജീവമാക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ബീന ആർ. ചന്ദ്രന്റെ ശക്തമായ ഏകപാത്രാഭിനയം ഇതിനകം വിവിധ വേദികളിൽ ശ്രദ്ധേയമായിരുന്നു
മുംബൈയിലെ മലയാളി പ്രേക്ഷകരും നാടകാസ്വാദകരും ഏറെ പ്രതീക്ഷയോടെയാണ് ഈ അവതരണത്തെ കാത്തിരിക്കുന്നത്.
നാടകാവതരണത്തിനുശേഷം പ്രേക്ഷകരുമായി സംവാദവും ഉണ്ടായിരിക്കുന്നതാണ്.