സലിൽ ചൗധരിക്ക് ആദരം; സംഗീത വിരുന്നോടെ രാഗലയ അവാർഡ് നിശ ഇന്ന് മാട്ടുങ്കയിൽ

by WhatsUp Mumbai

മുംബൈ: സംഗീതവും സാംസ്‌കാരിക വൈഭവവും നിറഞ്ഞ രാഗലയ–കേരള ഇൻ മുംബൈ അവാർഡ് നിശ ഇന്ന് (ഏപ്രിൽ 11) വൈകുന്നേരം 6.30 മുതൽ മാട്ടുങ്കയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറും. മുംബൈയിലെ മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്‌കാരിക വേദികളിലൊന്നായ ഈ പരിപാടി ഇത്തവണയും ശ്രദ്ധേയമായ ആഘോഷമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ രാഗലയ ആജീവനാന്ത പുരസ്കാരം മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലെ സിനിമാഗാനങ്ങൾക്ക് സംഗീതം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ അന്തരിച്ച സലിൽ ചൗധുരിക്ക് സമർപ്പിക്കും. അദ്ദേഹത്തിന്റെ മകൻ കൂടിയായ സംഗീത സംവിധായകൻ സൻജോയ് ചൗധുരി പുരസ്കാരം ഏറ്റുവാങ്ങും.

അതോടൊപ്പം, കേരള ഇൻ മുംബൈ നൽകുന്ന കിം എക്സലൻസ് അവാർഡുകൾ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് സമ്മാനിക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖൻ ബിജോയ് ഉമ്മൻ, വാണിജ്യ മേഖലയിലും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ എം. കെ. നവാസ്, ഡോ. ശശികല പണിക്കർ, പ്രശസ്ത നർത്തകി നിഷാ ഗിൽബർട്ട്, മാധ്യമപ്രവർത്തകനും മാതൃഭൂമി മുംബൈ ബ്യൂറോ ചീഫുമായ എൻ. ശ്രീജിത്ത്‌, സാമൂഹ്യ പ്രവർത്തക രാഖീ സുനിൽ എന്നിവർ അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു.

മുംബൈയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം സലിൽ ചൗധുരി സംഗീതം നൽകിയ അനശ്വര ഗാനങ്ങൾ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാരിയർ, ഫ്ലവേഴ്സ് മ്യൂസിക് സീസൺ 5 വിജയി ശിവശങ്കർ എന്നിവർ ഉൾപ്പെടെ മുംബൈയിലെ പ്രശസ്ത ഗായകരും ഗായികമാരും ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഗാനങ്ങൾ ആലപിക്കും.

പരിപാടിയിൽ പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9820110509 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like