കഞ്ചൂർ മാർഗ് –ബദ്ലാപൂർ മെട്രോയ്ക്ക് പുതുജീവൻ; ഉപനഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈർഘ്യമേറിയ പദ്ധതി വീണ്ടും പരിഗണനയിൽ

by WhatsUp Mumbai

മുംബൈയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ പാതയായി നിർദ്ദേശിച്ചിരിക്കുന്ന കഞ്ചൂർമാർഗ്–ബദ്ലാപൂർ ലൈൻ പദ്ധതി വീണ്ടും പരിഗണനയിൽ. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ നിർണായകമെന്ന നിലയിലാണ് പദ്ധതി വീണ്ടും മുന്നോട്ടു വരുന്നത്.

കിഴക്കൻ ഉപനഗരങ്ങളെയും നഗരമധ്യത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത, ദൈനംദിന യാത്രയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകും. പ്രത്യേകിച്ച് സെൻട്രൽ റെയിൽവേ പാതയിലെ അതിരൂക്ഷ തിരക്ക് കുറയ്ക്കുന്നതിൽ മെട്രോയ്ക്ക് പ്രധാന പങ്കുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കഞ്ചൂർമാർഗ്
മുതൽ ഭാണ്ഡുപ്, കൽവാ, ഡോംബിവിലി, കല്യാൺ വഴി ബദ്ലാപൂർ വരെ നീളുന്ന രീതിയിലാണ് പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പായാൽ യാത്രാസമയം ഗണ്യമായി ചുരുങ്ങുകയും, യാത്ര കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും.

മെട്രോ പാതയോടനുബന്ധിച്ച് പുതിയ വാണിജ്യ-വികസന സാധ്യതകളും ഉയരുമെന്നാണ് വിലയിരുത്തൽ. ഉപനഗര മേഖലകളുടെ വളർച്ചക്കും നഗര വികസനത്തിനും ഇത് പ്രചോദനമാകുമെന്ന് കരുതുന്നു.

പദ്ധതിയുടെ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അന്തിമ അനുമതി ലഭിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു.

You may also like