മുംബൈ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ആർ.പി.എഫിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും, അച്ചടക്കലംഘനം ഒരിക്കലും അനുവദിക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. യുവതിയോടുള്ള മോശമായ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കിയ നടപടി കോടതി ശരിവെച്ചു.
2018ൽ റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്ന സംഭവത്തിൽ, ഡ്യൂട്ടി കഴിഞ്ഞിരുന്ന കോൺസ്റ്റബിൾ യുവതിയുടെ സമീപത്ത് ഇരിക്കുമ്പോൾ മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തിൽ യുവതിയോ മറ്റാരെങ്കിലും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന വാദം കോടതി തള്ളി. ആർ.പി.എഫ് നിയമങ്ങൾ പ്രകാരം പരാതി ഇല്ലാതെയും അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും അധികാരമുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
സേനയിലെ അംഗത്തിന്റെ ഇത്തരം പെരുമാറ്റം പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണെന്നും, അതിനാൽ കർശന നടപടി അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. സേവനത്തിൽ നിന്ന് നീക്കിയ നടപടി യുക്തിസഹമാണെന്നും കോടതി വ്യക്തമാക്കി.