മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഒടുവിൽ ഔദ്യോഗിക ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ആദ്യമായി ജേഴ്സി കയ്യിലെടുത്ത നിമിഷം വാക്കുകൾക്ക് അതീതമാണെന്നും താൻ കാലങ്ങളായി സ്വപ്നം കണ്ട നിമിഷമാണിതെന്നും സൂര്യവംശി പ്രതികരിച്ചു. വൈഭവിന് നീല ജേഴ്സി കൈമാറുന്നതിന്റെ വീഡിയോ ചൊവ്വാഴ്ച ബിസിസിഐ (BCCI) പുറത്തുവിട്ടു. “രാജ്യം കാത്തിരുന്ന നിമിഷം” എന്നാണ് ബിസിസിഐ ഈ വീഡിയോയെ വിശേഷിപ്പിച്ചത്. തന്റെ പേരും 03-ാം നമ്പറും പതിച്ച ജേഴ്സി വൈഭവ് അൺപാക്ക് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) ബാറ്റിങ് വിസ്മയത്തിന് പിന്നാലെയാണ് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലും ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിലും സൂര്യവംശി ഇടംപിടിച്ചത്. വെള്ളിയാഴ്ച ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ താരം ഇന്ത്യക്കായി സീനിയർ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
തകരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്
അരങ്ങേറ്റം കുറിക്കുന്നതോടെ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കും. 1989-ൽ തന്റെ 16-ാം വയസ്സിലും 205-ാം ദിവസത്തിലും ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുന്നത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി (Rajasthan Royals) ബാറ്റിങ് വിസ്മയം തീർത്തതോടെയാണ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. സീസണിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 776 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനാകാനും ഓറഞ്ച് ക്യാപ് (Orange Cap) സ്വന്തമാക്കാനും ഈ യുവതാരത്തിന് സാധിച്ചിരുന്നു.