താനെ: തലാവ്പാലിയിലുണ്ടായ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവുമായി താനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) രംഗത്ത്. താനെ ഡി.സി.സി പ്രസിഡന്റ് രാഹുൽ പിംഗളെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സംഭവസ്ഥലം സന്ദർശിക്കുകയും ക്രമസമാധാന തകർച്ചക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്റിനൊപ്പം പൊലീസും മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്ത് തമ്പടിക്കുന്ന മയക്കുമരുന്നിന് അടിമകളായവർ, ലഹരി വിൽപനക്കാർ, മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന സാമൂഹിക വിരുദ്ധർ എന്നിവർക്കെതിരെ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കോൺഗ്രസ് നേതൃത്വം കർശന നിർദ്ദേശം നൽകി.
തലാവ്പാലി പരിസരത്ത് ജനങ്ങളുടെ ഭീതി അകറ്റാൻ 24 മണിക്കൂറും സുരക്ഷാ സംവിധാനം ഒരുക്കണമെന്നും, പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും രാഹുൽ പിംഗളെ ആവശ്യപ്പെട്ടു. താനെയെയും പരിസര പ്രദേശങ്ങളെയും കുറ്റകൃത്യങ്ങളിൽ നിന്നും ലഹരി മാഫിയകളിൽ നിന്നും മുക്തമാക്കാൻ നഗരസഭയും പൊലീസും അടിയന്തരമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി. ഒട്ടനവധി കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും പ്രദേശവാസികളും ഈ സന്ദർശനത്തിൽ പങ്കെടുത്തു.