മുംബൈ: ബാങ്കോക്കിൽനിന്ന് ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 11.82 കോടി രൂപ വിലമതിക്കുന്ന അതിവീര്യമുള്ള ‘ഹൈഡ്രോപോണിക് കഞ്ചാവുമായി’ മലയാളി മോഡൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. മുൻ മിസിസ് കേരള സൗന്ദര്യമത്സരത്തിലെ റണ്ണറപ്പും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയുമായ ഹർഷ സണ്ണി (29) ആണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ (AIU) പിടിയിലായത്.
ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ എത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ട്രോളി ബാഗിനുള്ളിൽ വായു കടക്കാത്ത രീതിയിൽ (വാക്വം സീൽഡ്) സൂക്ഷിച്ച 12 പാക്കറ്റുകൾ കണ്ടെടുത്തത്. പരിശോധനയിൽ ഇതിൽ പച്ചനിറത്തിലുള്ള മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 11.82 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, ബാഗിലുണ്ടായിരുന്ന മയക്കുമരുന്നിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ഹർഷ സണ്ണിയുടെ വാദം. നെയിൽ-ആർട്ട്, മോഡലിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് താൻ ബാങ്കോക്കിൽ പോയതെന്നും ഹർഷ അവകാശപ്പെട്ടു. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരാൾ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഇന്ത്യയിലെത്തിക്കാൻ പറഞ്ഞ് ഒരു ബാഗ് ഏൽപ്പിക്കുകയായിരുന്നുവെന്ന് ഹർഷയുടെ അഭിഭാഷകൻ അഡ്വ. പ്രഭാകർ ത്രിപാഠി കോടതിയിൽ ബോധിപ്പിച്ചു. രാജ്യാന്തര മയക്കുമരുന്ന് മാഫിയകൾ സാധാരണക്കാരായ യാത്രക്കാരെ ചതിയിൽപ്പെടുത്തുന്ന രീതിയാണിതെന്നും പ്രതിഭാഗം വാദിച്ചു.
ഹർഷ സണ്ണിയെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം (NDPS Act) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച വൻ തോക്കുകളെ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് അധികൃതർ കോടതിയെ അറിയിച്ചു. കൃത്രിമ സാഹചര്യത്തിൽ മണ്ണില്ലാതെ വളർത്തിയെടുക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് വിപണിയിൽ വൻ വിലയാണുള്ളത്.