മുംബൈ: ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള വിവിധ ഐഡി കാർഡ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. 2026 ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് കാമ്പയിൻ. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ്, ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾക്കായുള്ള എൻ.ആർ.കെ (NRK) ഐഡി കാർഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രവാസികളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐഡി കാർഡ് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും, കാലാവധി കഴിഞ്ഞവ പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.
ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾക്ക് എൻ.ആർ.കെ കാർഡ്
കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18-നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് എൻ.ആർ.കെ ഐഡി കാർഡിന് അപേക്ഷിക്കാം. 408 രൂപ ഒറ്റത്തവണ പ്രീമിയം അടച്ചാൽ അപകട മരണങ്ങൾക്ക് 5 ലക്ഷം രൂപയുടെയും, ഭാഗികമായോ പൂർണ്ണമായോ ഉള്ള അംഗവൈകല്യങ്ങൾക്ക് 2 ലക്ഷം രൂപ വരെയുമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ കാർഡിന്റെ കാലാവധി 3 വർഷമാണ്.
ഗുരുതര രോഗങ്ങൾക്ക് ‘പ്രവാസി രക്ഷ ഇൻഷുറൻസ്’
18-നും 60-നും ഇടയിൽ പ്രായമുള്ളവർക്കായി നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയും ലഭ്യമാണ്. 661 രൂപ ഒറ്റത്തവണ പ്രീമിയം വഴി ഗുരുതരമായ രോഗങ്ങൾക്ക് 1 ലക്ഷം രൂപ വരെയും, അപകടമരണത്തിന് 3 ലക്ഷം രൂപയും, അംഗവൈകല്യങ്ങൾക്ക് 1 ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷമാണ് ഇതിന്റെ കാലാവധി. കൂടാതെ, നോർക്ക ഐഡി കാർഡുള്ളവർക്ക് സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറിലും’ അംഗമാകാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.norkaroots.kerala.gov.in) സന്ദർശിക്കാവുന്നതാണ്. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് മുംബൈയിലെ എൻ.ആർ.കെ ഓഫിസുമായി ബന്ധപ്പെടുക :
96459 61125, 8281567805, 99619 83747