ലിഫ്റ്റിൽ കുടുങ്ങിയ നാല് യുവാക്കൾക്ക് രക്ഷകരായി ഫയർഫോഴ്സ്; ഖാർഘറിൽ വൻ ദുരന്തം ഒഴിവായത് അരമണിക്കൂറിലെ നെഞ്ചിടിപ്പിന് ശേഷം

by admin

നവി മുംബൈ: ഖാർഘറിലെ പ്രമുഖ സൊസൈറ്റിയിലെ ലിഫ്റ്റിൽ സാങ്കേതിക തകരാറിനെ തുടർന്ന് അരമണിക്കൂറോളം കുടുങ്ങിക്കിടന്ന നാല് യുവാക്കളെ ഫയർഫോഴ്സ് ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി. ബുധനാഴ്ച രാത്രി ഖാർഘറിലെ സെക്ടർ 12-ൽ സ്ഥിതി ചെയ്യുന്ന ‘ശ്രീ അംബിക ഹെറിറ്റേജ് സൊസൈറ്റി’യിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.

​രാത്രി 9:00 മണിയോടെ കെട്ടിടത്തിന്റെ നാലാം നിലയിൽ വെച്ചാണ് ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായത്. പ്രഷികേത് ഭോയിർ (24), ഓം കാംബ്ലെ (23), അക്ഷയ് ജാദവ് (24), ശ്യാം പ്രസാദ് (24) എന്നീ യുവാക്കളാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റ് നിശ്ചലമാവുകയും എയർ ഫാൻ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കാതാവുകയും ചെയ്തതോടെ യുവാക്കൾ പരിഭ്രാന്തരായി. ഉടൻ തന്നെ ഇവർ സൊസൈറ്റി ഭാരവാഹികളെയും തുടർന്ന് ഖാർഘർ ഫയർ സ്റ്റേഷനെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം ലീഡിങ് ഫയർമാൻ ഡി.യു. ജാദവിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി. തുടർന്ന് ലിഫ്റ്റിന്റെ ഡോർ കീ ഉപയോഗിച്ച് വാതിൽ അടിയന്തരമായി തുറക്കുകയും കുടുങ്ങിക്കിടന്ന നാല് യുവാക്കളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. കൃത്യസമയത്ത് ഇടപെട്ട് യുവാക്കളുടെ ജീവൻ രക്ഷിച്ച ഫയർഫോഴ്സ് സംഘത്തിന് സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും നന്ദി അറിയിച്ചു. സൊസൈറ്റിയിലെ ലിഫ്റ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ കെട്ടിട ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You may also like