നവിമുംബൈ : വാഷി മുനിസിപ്പൽ ആശുപത്രിയിൽ സഹായത്തിന് ആരുമില്ലാതെ കഴിയേണ്ടിവന്ന മലയാളി യുവാവിന് ആശ്വാസവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (കോപ്പർഖൈർനെ). വിവരമറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സമാജം ഭാരവാഹികൾ യുവാവിന് ആവശ്യമായ വൈദ്യസഹായങ്ങളും പരിചരണവും ഉറപ്പാക്കി.
പ്രാഥമിക ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകിയ ശേഷം, തുടർചികിത്സയ്ക്കായി ഇദ്ദേഹത്തെ വാഷി മുനിസിപ്പൽ ആശുപത്രിയിൽ നിന്ന് മുംബൈ കെ.ഇ.എം (KEM) ആശുപത്രിയിലേക്ക് മാറ്റുകയും പ്രവേശിപ്പിക്കുകയും ചെയ്തു.
സെക്രട്ടറി മനോജ് മാളവിക, ബാബുരാജ്, രാജു കുട്ടപ്പൻ, പ്രസന്നൻ, പി. പി. രാജു എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുദിവസമായി ചികിത്സാ ഏകോപനവും തുടർനടപടികളും പൂർത്തിയാക്കിയത്.
നവി മുംബൈ കേന്ദ്രീകരിച്ച് സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയാണ് ന്യൂ ബോംബെ കൾച്ചറൽ സെന്റർ. മുംബൈ മലയാളികൾക്കിടയിലെ അടിയന്തര ഘട്ടങ്ങളിൽ ജീവകാരുണ്യ സഹായങ്ങളുമായി സംഘടന മുൻപന്തിയിലുണ്ടാകാറുണ്ട്.