നേത്രാവതിയിലെ 14 ലക്ഷത്തിന്റെ സ്വർണക്കവർച്ച: ലക്ഷ്യം സ്ത്രീകൾ; പ്രതി മലയാളി കുറ്റവാളി നിഖിൽ കുമാർ നാരായണനിലേക്ക് വിരൽചൂണ്ടി അന്വേഷണ സംഘം!

by WhatsUp Mumbai

താനെ: കൊങ്കൺ റെയിൽവേ പാതയിൽ വീണ്ടും കവർച്ചാ സംഘത്തിന്റെ വിളയാട്ടം.രണ്ട് ദിവസം മുൻപാണ് കേരളത്തിൽ നിന്നും മുംബൈയിലേക്ക് പ്രതിദിനം ഓടുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന മലയാളി കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത്.സംഭവത്തിന് പിന്നിൽ കൊങ്കൺ പാതയിലെ സ്ഥിരം കുറ്റവാളിയായ ‘നിഖിൽ കുമാർ നാരായണൻ’ എന്ന മലയാളി തന്നെയെന്ന ഉറച്ച നിഗമനത്തിലാണ് റെയിൽവേ പൊലീസും അന്വേഷണ സംഘവും.

താനെയിൽ താമസക്കാരായ സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരും യാത്ര ചെയ്തിരുന്ന കോച്ചിലാണ് അതിസാഹസികമായ ഈ മോഷണം നടന്നത്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ലക്ഷങ്ങളുടെ ആഭരണങ്ങൾ അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ഈ മലയാളി കുടുംബം ഇനിയും മോചിതരായിട്ടില്ല. കൊങ്കണിലെ ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന മോഷണപരമ്പരകളിലെ ഒടുവിലത്തെ ഇരകളാണ് ഇവർ.

നിഴൽ പോലെ പിന്തുടരുന്ന ‘പഴയ കള്ളൻ’; തിരിച്ചറിഞ്ഞ് ആർ.പി.എഫ്സ്

കേ സ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും (RPF) പോലീസിനും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ആർ.പി.എഫ് ഉദ്യോഗസ്ഥർ കാട്ടി കൊടുത്ത റെക്കോർഡ് ഫോട്ടോകളിൽ നിന്ന്, തങ്ങളെ കൊള്ളയടിച്ച പ്രതി നിഖിൽ കുമാർ നാരായണൻ തന്നെയെന്ന് സ്മിത പണിക്കരും മകളും തിരിച്ചറിഞ്ഞു. ഇതിന് പുറമെ, ആർ.പി.എഫ് ഉദ്യോഗസ്ഥരും ഇയാളുടെ ഫോട്ടോ കണ്ടതോടെ മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിയെ ഉറപ്പിച്ചു.

ഗോവ മുതൽ മംഗളൂരു വരെ; കൊങ്കണിലെ കവർച്ചാ ശൃംഖലനിഖിൽ കുമാർ നാരായണൻ കേരളത്തിൽ കാസർക്കോട് സ്വദേശി ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.ഗോവ, കർണാടക, മംഗലാപുരം, രത്നഗിരി, ഉൾപ്പെടെയുള്ള കൊങ്കൺ റെയിൽവേ പാതകളിൽ വർഷങ്ങളായി ഇയാൾ സജീവമാണ്.

കൊങ്കൺ പാതയിലെ വളവുകളും തിരിവുകളും സിഗ്നൽ കാത്തിരിപ്പുകളും ട്രെയിനുകളുടെ വേഗത കുറയുന്ന ഇടങ്ങളും ഇയാൾക്ക് മനഃപാഠമാണ്. രാത്രികാലങ്ങളിൽ യാത്രക്കാർ ആഴത്തിൽ ഉറങ്ങുന്ന സമയം നോക്കി റിസർവ്ഡ് കോച്ചുകളിൽ അതിക്രമിച്ച് കയറുകയും, സെക്കൻഡുകൾക്കുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കളുമായി പുറത്തുകടക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി. മുൻപും കൊങ്കൺ പാതയിലെ വിവിധ മോഷണക്കേസുകളിൽ ഇയാളെ ആർ.പി.എഫും പോലീസും പിടികൂടിയിട്ടുണ്ടെങ്കിലും, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പാതയിൽ തന്നെ കവർച്ച തുടരുകയാണ് ഇയാളുടെ രീതി.

“ഹൈടെക് തന്ത്രങ്ങളും മുൻകരുതലും; 90 ശതമാനവും സ്ത്രീകളെ ലക്ഷ്യമിട്ട്”: ആർ.പി.എഫ് ഉദ്യോഗസ്ഥൻ വിനോദ് കുമാർ

കൊങ്കൺ റെയിൽവേയിലെ ആറര വർഷത്തെ സേവന പാരമ്പര്യവും നിരവധി കുറ്റവാളികളെ വലയിലാക്കുകയും നിലവിൽ ലഖ്‌നൗവിൽ ആർ.പി.എഫ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിക്കുന്ന വിനോദ് കുമാർ മോഷണ ശൃംഖലയെക്കുറിച്ചും പ്രതിയുടെ രീതികളെക്കുറിച്ചും വ്യക്തമാക്കുന്നത് ഇങ്ങനെ.”മുമ്പ് കൊങ്കൺ റെയിൽവേയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് മൂന്ന് തവണ ഇയാളെ ഞാൻ നേരിട്ട് പിടികൂടിയിട്ടുണ്ട്. മംഗലാപുരം മുതൽ രത്‌നഗിരി വരെയുള്ള വിശാലമായ പാത കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. നിഖിൽ കുമാറിന്റെ പേരിൽ ചുരുങ്ങിയത് പത്തിൽ അധികം കേസുകളെങ്കിലും നിലവിലുണ്ടാകുമെന്നാണ് നിഗമനം.”സ്വന്തം സർവീസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന സുരക്ഷാ മുന്നറിയിപ്പുകളും മോഷ്ടാക്കളുടെ കൗശലങ്ങളും അദ്ദേഹം പങ്കുവെച്ചു.”സ്ലീപ്പർ ക്ലാസുകളിലെ 1 മുതൽ 8 വരെയുള്ള സീറ്റുകളിൽ നിന്നും 64 മുതൽ 72 വരെയുള്ള സീറ്റുകളിൽ നിന്നുമാണ് ട്രെയിൻ മോഷണങ്ങളിൽ 90 ശതമാനവും നടക്കുന്നത്. വാതിലുകൾക്കടുത്തുള്ള ഈ സീറ്റുകൾ മോഷ്ടാക്കൾക്ക് പെട്ടെന്ന് രക്ഷപ്പെടാൻ എളുപ്പമാണ്.അതുപോലെ ടാർഗറ്റ് ചെയ്യപ്പെടുന്നവരിൽ 90 ശതമാനത്തിൽ അധികവും സ്ത്രീകളാണ്. യാത്രയിലുടനീളം ഹാൻഡ് ബാഗുകൾ തലയിണയ്ക്ക അടിയിലോ തലയുടെ ഭാഗത്തോ വെച്ച് ഉറങ്ങുന്ന ശീലം സ്ത്രീകൾക്കുണ്ട്. വിലപിടിപ്പുള്ള സ്വർണ്ണമോ പണമോ ഇതിലൂണ്ടെന്ന കൃത്യമായ സൂചനയാണ് മോഷ്ടാക്കൾക്ക് ഇത് നൽകുന്നത്. ട്രെയിനുകളുടെ വേഗത കുറയുന്ന സമയത്തോ, സ്റ്റേഷനുകളിൽ എത്താറാകുന്ന വേളയിലോ ആണ് ഇത്തരം കവർച്ചകൾ ഭൂരിഭാഗവും നടക്കുന്നത്.”മോഷ്ടാക്കളുടെ വേഷംമാറൽ തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.”ഇത്തരം കുറ്റവാളികളുടെ കൈവശം എപ്പോഴും ചെറിയൊരു ബാഗുണ്ടാകും. അതിൽ ഒന്നോ രണ്ടോ ഷർട്ടുകളാകും കരുതുക. മോഷണം നടത്തിയ ഉടൻ തന്നെ ഇവർ ഷർട്ട് മാറി വേറെ രൂപത്തിലാകും. പിന്നീട് ആ വേഷത്തിലാണ് യാത്ര തുടരുക; പോലീസിന്റെയോ യാത്രക്കാരുടെയോ കണ്ണിൽപ്പെടാതിരിക്കാനും തിരിച്ചറിയാതിരിക്കാനുമാണ് ഈ വേഷംമാറ്റം. മാത്രമല്ല, പരിഭ്രാന്തി ഒഴിവാക്കാനും ടിടിഇ പിടികൂടിയാൽ രക്ഷപ്പെടാനുമായി കൃത്യമായി ടിക്കറ്റ് എടുത്താണ് ഭൂരിഭാഗം മോഷ്ടാക്കളും ഇത്തരം ദീർഘദൂര ട്രെയിനുകളിൽ കയറുന്നത്,” ആർ.പി.എഫ് ഇൻസ്‌പെക്ടർ വിനോദ് കുമാർ വ്യക്തമാക്കി.

അന്വേഷണം ഊർജ്ജിതം

താനെ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്നുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇയാൾക്കായി കൊങ്കൺ പാതയിലെ പ്രധാന സ്റ്റേഷനുകളിലും മഹാരാഷ്ട്ര-ഗോവ-കർണാടക അതിർത്തികളിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊങ്കൺ റെയിൽവേയിൽ സ്ഥിരമായി കുറ്റകൃത്യങ്ങൾ നടത്തുന്ന ഇയാളെ എന്നെന്നേക്കുമായി വലയിലാക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് അന്വേഷണ സംഘം.

You may also like