സ്നേഹാദരങ്ങളോടെ മുംബൈ മലയാളികൾ; മഹാനടൻ പ്രൊഫ. മധുവിന് തിരുവനന്തപുരത്തെ വീട്ടിലെത്തി ജന്മദിനാശംസ നേർന്നു

by WhatsUp Mumbai

മുംബൈ : മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന് 93-ാം ജന്മദിനാശംസകൾ നേർന്ന് മുംബൈ മലയാളികൾ. മുംബൈയിലെ സാംസ്കാരിക സാമുദായിക പ്രവർത്തകരായ എം. ബിജുകുമാർ, എയിംസ് & കലാഗുരുകുലം ഗ്രൂപ്പ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മീഡിയ കൺസൾട്ടന്റ് സി.എ. ബാബു, ജോസ് മാത്യൂ എന്നിവർക്കൊപ്പം നടൻ ജഗദീഷും ആഘോഷങ്ങളിൽ പങ്കുചേർന്നു. കോവിഡ് കാലമൊഴികെ കഴിഞ്ഞ 16 വർഷമായി മുടങ്ങാതെ തുടരുന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും ഇവർ മധുവിന്റെ തിരുവനന്തപുരത്തുള്ള കണ്ണമ്മൂലയിലെ വീട്ടിൽ നേരിട്ടെത്തി കേക്ക് മുറിച്ചും പൊന്നാട അണിയിച്ചുമാണ് പിറന്നാൾ മധുരം പങ്കുവെച്ചത്.

മഹാനടൻ എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി എന്ന നിലയിലാണ് മധുവിന് മുംബൈയോടും മുംബൈ മലയാളികളോടുമുള്ള ആത്മബന്ധമെന്ന് എം. ബിജുകുമാർ പറഞ്ഞു. ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഏതൊരു കലാകാരനും പഠിച്ചിറങ്ങാവുന്ന വലിയൊരു സർവ്വകലാശാലയാണ് മധുസാറെന്ന് നടൻ ജഗദീഷ് അഭിപ്രായപ്പെട്ടു. തൊണ്ണൂറ്റിമൂന്നിന്റെ നിറവിലും നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളിലൂടെ ഈ ബഹുമുഖ പ്രതിഭ വേറിട്ടുനിൽക്കുന്നുവെന്ന് എ.കെ. പ്രദീപ് കുമാറും സി.എ. ബാബുവും വ്യക്തമാക്കി.

മലയാള സിനിമയുടെ കാരണവർ സ്ഥാനമലങ്കരിക്കുന്ന മധുവിനോടൊപ്പമുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും ആ പ്രതിഭയെ കാണാൻ പ്രേരിപ്പിക്കുന്നതാണെന്നും, അതുകൊണ്ട് തന്നെ വർഷത്തിൽ പലതവണ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടെന്നും ജോസ് മാത്യു ഓർത്തെടുത്തു. പിറന്നാൾ ദിനത്തിൽ മധുവിന് പ്രിയപ്പെട്ട പ്രത്യേകതരം വിഭവങ്ങൾ സ്വന്തമായി തയ്യാറാക്കിക്കൊണ്ടുവന്നാണ് ഈ നാലവർ സംഘം ആഘോഷങ്ങൾ എന്നും വേറിട്ടതാക്കുന്നത്.

മുമ്പ് മധു സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിൽ ഈ മുംബൈ സംഘത്തിന്റെ നേതൃത്വത്തിൽ 2019-ൽ ഹോട്ടൽ ലീലയിൽ വെച്ച് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി വൻ മെഗാ പരിപാടി സംഘടിപ്പിച്ചിരുന്നു.

You may also like