ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ മരണം: ക്യാമ്പസ് കവാടത്തിൽ പ്രതിഷേധം ഇരമ്പി; ആർപിഐ, ഭാരത് മുക്തി മോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

by WhatsUp Mumbai

മുംബൈ : ഐഐടി ബോംബെ വിദ്യാർഥി സാഹിൽ വാക്കോഡെയുടെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാമ്പസ് കവാടത്തിൽ പ്രതിഷേധിച്ച ഭാരത് മുക്തി മോർച്ച, ആർപിഐ (എ) പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഫസർ സൂര്യനാരായണ ഡൂളയ്ക്കെതിരെ ജാതി വിവേചനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുത്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി (ChatGPT) ഉപയോഗിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ സെപ്റ്റംബർ 18-നാണ് ബി.ടെക് രണ്ടാം വർഷ വിദ്യാർഥിയായ സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ മുംബൈ പൊലീസ് പ്രൊഫ. സൂര്യനാരായണ ഡൂളയ്ക്കെതിരെ കേസെടുക്കുകയും തുടർന്ന് അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡീൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

അതേസമയം, വിദ്യാർഥികൾ ഉന്നയിച്ച 18 ആവശ്യങ്ങൾ ഐഐടി ഡയറക്ടർ അംഗീകരിച്ചതിനാൽ പുറത്തുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് ക്യാമ്പസിലെ വിദ്യാർഥിയായ ഉത്കർഷ് ഗംഗവാർ പ്രതികരിച്ചു.

You may also like