പോലീസ് വാക്കിടോക്കി കവർന്ന് അന്ധേരിയിലെ യുവാവ്; ‘തുടർച്ചയായ കരച്ചിൽ അസ്വസ്ഥനാക്കി’യെന്ന് മൊഴി !

by WhatsUp Mumbai

മുംബൈ: പോലീസ് ബീറ്റ് ചൗക്കിയിൽ നിന്ന് വാക്കിടോക്കി മോഷ്ടിച്ച കേസിലെ പ്രതിയുടെ വിചിത്രമായ വാദം കേട്ട് തലയിൽ കൈവെച്ച് മുംബൈ പോലീസ്. തുടർച്ചയായി വാക്കിടോക്കിയിൽ നിന്ന് ശബ്ദം വന്ന് അസ്വസ്ഥനായതിനാലാണ് അത് എടുത്തുകൊണ്ട് പോയതെന്നാണ് അറസ്റ്റിലായ പ്രയാഗ് രാജ് സ്വദേശി മുഹമ്മദ് നിയാസ് എന്ന ഫൈസാൻ (26) നൽകിയ മൊഴി!

കഴിക്കാൻ ഭക്ഷണം ലഭിക്കുമോ എന്ന് അന്വേഷിച്ചാണ് പ്രതി വിപി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബീറ്റ് പോസ്റ്റിലെത്തിയത്. ഈ സമയം ചൗക്കിയിൽ പോലീസുകാർ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ചാർജറിലിരുന്ന വാക്കിടോക്കി തുടർച്ചയായി ശബ്ദമുണ്ടാക്കുന്നത് കണ്ട് അസ്വസ്ഥനായ ഇയാൾ അത് അൺപ്ലഗ് ചെയ്ത് അങ്ങ് കൈക്കലാക്കുകയായിരുന്നു.

ഏകദേശം 700 സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി ഒടുവിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് സംഘം പ്രതിയെ പൊക്കിയത്. ഇയാളിൽ നിന്ന് വാക്കിടോക്കി വീണ്ടെടുത്തിട്ടുണ്ട്. വീടില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞുകൂടുന്ന ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്നും മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

You may also like