അയോധ്യ രാമക്ഷേത്രക്കൊള്ള; സി.സി.ടി.വിയില്‍ 105 തവണ മോഷണം പതിഞ്ഞു; സുപ്രീം കോടതിയില്‍ എസ്.ഐ.ടി

by WhatsUp Mumbai

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 25-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെ യുപി സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്.

ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിന്റെ 105 ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ എട്ടു പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയായി വരികയാണെന്നും, അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സെപ്റ്റംബർ 25-ന് മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ടെന്നും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി.

ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രധാന പ്രതികൾ.

കേസിൽ ബാങ്ക് ഉദ്യോഗസ്ഥരും ക്ഷേത്ര ജീവനക്കാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അടക്കം 173 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഭക്തർ നൽകിയ 803 വിലപിടിപ്പുള്ള വസ്തുക്കളും 944 കിലോഗ്രാമിലധികം വെള്ളിയും ഭൗതികമായി പരിശോധിച്ച് ഉറപ്പുവരുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You may also like