മുംബൈയിൽ നിന്ന് കേരളത്തിലേക്കും, കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കും കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിൽ കവർച്ചാ സംഘങ്ങൾ പിടിമുറുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലും ഈ പാതയിലൂടെ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മാസമായി ഇത്തരം കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. എസി കോച്ചുകളിലും സ്ലീപ്പർ ക്ലാസുകളിലും യാതൊരുവിധ സുരക്ഷയുമില്ലാത്ത ഭീതിജനകമായ സ്ഥിതിയാണ് നിലവിലുള്ളത്. ഒരേ ട്രെയിനിൽ തന്നെ ദിവസേന പത്തോളം മോഷണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ വളരെ ചെറിയൊരു ശതമാനം കേസുകളിൽ മാത്രമാണ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങാനുള്ള മടിയും നിയമനടപടികളിലെ കാലതാമസവും കാരണം ഭൂരിഭാഗം യാത്രക്കാരും പരാതിപ്പെടാൻ പോലും തയ്യാറാകാറില്ല. ഈ ഉദാസീനതയും പരാതിപ്പെടാത്ത അവസ്ഥയും മോഷ്ടാക്കൾക്ക് കൂടുതൽ അഴിഞ്ഞാടാൻ വലിയൊരു പ്രോത്സാഹനമായി മാറുകയാണ്.

നേത്രാവതി എക്സ്പ്രസ്സിലെ തുടർച്ചയായ കവർച്ചകൾ
തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന 16346-ാം നമ്പർ നേത്രാവതി എക്സ്പ്രസ്സിൽ അർദ്ധരാത്രിയും പുലർച്ചെയുമായി നിരവധി മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എറണാകുളത്തുനിന്ന് സെക്കൻഡ് എസി (A1 – 39) കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ലേഷ്മ പ്രദീപിന്റെ ചാർജർ, ഹെഡ്സെറ്റ്, മരുന്നുകൾ, എടിഎം കാർഡുകൾ, 1000 രൂപ എന്നിവയും, വടകരയിൽ നിന്ന് സി.ബി.ഡി ബേലാപൂരിലേക്ക് യാത്ര ചെയ്ത വിനോദിനി അജിത് കുമാറിന്റെ ഒരു പവൻ സ്വർണ്ണം, കുട്ടിയുടെ സ്വർണ്ണ മോതിരം, 9000 രൂപ, തിരിച്ചറിയൽ രേഖകൾ, അവശ്യമരുന്നുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവ അടങ്ങിയ ബാഗും നഷ്ടപ്പെട്ടു. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത തൃശൂർ സ്വദേശിയായ യുവാവിന്റെതടക്കം നിരവധി പേരുടെ ബാഗുകളാണ് കവർന്നത്.

കൂടാതെ, ആഗസ്റ്റ് 31 ന് നേത്രാവതി എക്സ്പ്രസ്സിൽ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ വിരൽ ചൂണ്ടുന്നത് മലയാളി കുറ്റവാളിയായ നിഖിൽ കുമാർ നാരായണനിലേക്കാണ്. യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ മോഷണങ്ങൾ പലതും അരങ്ങേറുന്നത്. ഇതിനിടയിൽ, യാത്രയ്ക്കിടെ സ്ത്രീകളെ മോഷ്ടാക്കൾ ലൈംഗികമായി ഉപദ്രവിക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മരുസാഗർ എക്സ്പ്രസ്സിലും വൻ കവർച്ച
12977-ാം നമ്പർ മരുസാഗർ എക്സ്പ്രസ്സിൽ സെക്കൻഡ് എസിയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയും ജയ്പൂരിൽ സ്ഥിരതാമസക്കാരനുമായ മന്മഥൻ നായർക്കും കുടുംബത്തിനും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. എറണാകുളത്തുനിന്ന് ജയ്പൂരിലേക്ക് മടങ്ങുമ്പോൾ മൂകാംബികയ്ക്കും കുംടാക്കുമിടയിലാണ് മോഷണം നടന്നത്. നാലര പവൻ സ്വർണ്ണം, 12,000 രൂപ, മൊബൈൽ ഫോൺ, രേഖകൾ എന്നിവയടക്കം എട്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുൻപ് ഓഗസ്റ്റ് 30-നും ഇതേ ട്രെയിനിൽ മോഷണം നടന്നിരുന്നു.

മകളുടെ മാംഗല്യ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ട്രെയിനിലെ കവർച്ച
ഓഗസ്റ്റ് 31-ന് പുലർച്ചെ 5.15-ഓടെയാണ് ജീവിതം തന്നെ ഇരുട്ടിലാക്കിയ ആ ദുരന്തം സംഭവിക്കുന്നത്. കായംകുളത്തുനിന്ന് താനെയിലേക്ക് മകളുമൊത്ത് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. ആ സമയത്ത് മകൾ നല്ല ഉറക്കത്തിലായിരുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞ നിമിഷത്തിൽ, ഇരുട്ടിൽ നിന്ന് ഒരു അക്രമി എന്റെ മുന്നിലേക്ക് പാഞ്ഞടുത്തു. തലയിണക്കടിയിൽ ഉണ്ടായിരുന്ന ബാഗ് അവൻ ബലമായി തട്ടിപ്പറിക്കാൻ നോക്കി. സർവ്വശക്തിയുമെടുത്ത് ഞാൻ അത് തടഞ്ഞു.
ഞാനും മോഷ്ട്ടാവും തമ്മിൽ കടുത്ത പിടിവലിയായി. നിമിഷങ്ങൾക്കകം അവൻ എന്നെ തുറന്നുകിടന്ന വാതിലിനടുത്തേക്ക് വലിച്ചിഴച്ചു. അവിടുന്ന് താഴേക്ക് വീഴാതെ അദ്ഭുതകരമായാണ് അന്നെനിക്ക് ജീവൻ തിരിച്ചുകിട്ടിയത്. പക്ഷേ, നവംബറിൽ നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി കരുതിവെച്ച 14 ലക്ഷം രൂപ വിലമതിക്കുന്ന 85 ഗ്രാം സ്വർണാഭരണങ്ങളടങ്ങിയ ബാഗുമായി ആ അക്രമി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ ഇട്ടതല്ലാതെ, പിന്നീട് ഒന്നും നടന്നില്ല…”
— നിറഞ്ഞ കണ്ണുകളോടെ സ്മിത പണിക്കർ ആ കറുത്ത പുലരി ഓർത്തെടുത്തു.
പ്രതിസന്ധിയിൽ തുണയായി ‘കൊങ്കൺ യാത്രാവേദി’
സുരക്ഷാഭീഷണികൾ നിറഞ്ഞ റെയിൽവേ യാത്രകളിൽ അനാഥരാകുന്ന പ്രവാസികൾക്ക് വലിയൊരു ആശ്വാസവും സുരക്ഷാകവചവുമായി മാറിയിരിക്കുകയാണ് ‘കൊങ്കൺ യാത്രാവേദി’ എന്ന കൂട്ടായ്മ. ചീഫ് കോർഡിനേറ്റർ കെ.വൈ. സുധീറിന്റെയും സംഘവും 24 മണിക്കൂറും ജാഗരൂകമായി പ്രവർത്തിക്കുന്ന ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഡിജിറ്റൽ സംവിധാനങ്ങളും വഴി ദുരിതത്തിലാകുന്ന യാത്രക്കാർക്ക് അടിയന്തര സഹായവും നിയമ പിന്തുണയും ഉറപ്പാക്കാൻ സാധിക്കുന്നു. റെയിൽവേയുടെ ഓൺലൈൻ പരാതി സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ശുചിത്വമില്ലായ്മ, വെള്ളത്തിന്റെ ലഭ്യതക്കുറവ്, മെഡിക്കൽ എമർജൻസികൾ, മോഷണങ്ങൾ എന്നിവയിലൊക്കെ അധികൃതരുടെ ശ്രദ്ധ ഉടനടി എത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്.

കൊങ്കൺ പാതയിലൂടെ യാത്ര ചെയ്യുന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേ അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ല. മോഷണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താനോ നഷ്ടപ്പെട്ട മുതലുകൾ തിരികെ ലഭ്യമാക്കാനോ നിലവിലുള്ള ജി.ആർ.പി / ആർ.പി.എഫ് സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. അതിനാൽ മധ്യറെയിൽവേയുടെയും കൊങ്കൺ റെയിൽവേയുടെയും നേതൃത്വത്തിൽ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാന പൊലീസുമായി ഏകോപിച്ച് ശക്തമായ ഒരു കർമ്മപദ്ധതി അടിയന്തരമായി നടപ്പിലാക്കണം,” എന്ന് കൊങ്കൺ യാത്രാവേദി ഹെല്പ് ഡെസ്ക് ചീഫ് കോർഡിനേറ്റർ കെ.വൈ. സുധീർ ആവശ്യപ്പെട്ടു.
യാത്രാസുരക്ഷ ഉറപ്പാക്കണം; കൊങ്കൺ റെയിൽവേക്കെതിരെ പ്രതിഷേധവുമായി ഓൾ താനെ മലയാളി അസോസിയേഷൻ
കൊങ്കൺ റെയിൽവേയിലെ ദീർഘദൂര ട്രെയിനുകളിൽ മോഷണം വർദ്ധിക്കുന്നതിൽ ഓൾ താനെ മലയാളി അസോസിയേഷൻ (ATMA) കടുത്ത ആശങ്ക രേഖപ്പെടുത്തി. ജീവനക്കാരുടെ ജാഗ്രതക്കുറവും രാത്രികാല പട്രോളിംഗിന്റെ അപര്യാപ്തതയും മൂലം അപരിചിതർ റിസർവ്ഡ് കോച്ചുകളിൽ പ്രവേശിക്കുന്നതാണ് പ്രധാന സുരക്ഷാവീഴ്ചയെന്ന് ATMA ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 27-ലെ മോഷണത്തിൽ മംഗളൂരു–ഉഡുപ്പി മേഖല കേന്ദ്രീകരിച്ച് അടിയന്തര അന്വേഷണം നടത്തി വസ്തുക്കൾ വീണ്ടെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കൂടാതെ, വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, രാത്രികാല പട്രോളിംഗും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കുക, പ്രവേശന കവാടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അധികൃതരുടെ അടിയന്തര ഇടപെടലിലൂടെ കൊങ്കൺ പാതയിൽ സുരക്ഷിതമായ യാത്രാ അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും ATMA പ്രസിഡന്റ് ശശികുമാർ നായർ ആവശ്യപ്പെട്ടു.
മോഷ്ടാക്കളുടെ ഹൈടെക് തന്ത്രങ്ങളും മുൻകരുതലും: ആർ.പി.എഫ് ഉദ്യോഗസ്ഥൻ വിനോദ് കുമാർ
കൊങ്കൺ റെയിൽവേയിൽ ജോലി ചെയ്തിട്ടുള്ള നിലവിലെ ലഖ്നൗ ആർ.പി.എഫ് ഇൻസ്പെക്ടർ വിനോദ് കുമാർ മോഷണ ശൃംഖലയെക്കുറിച്ചും പ്രതികളുടെ രീതികളെക്കുറിച്ചും വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
മുമ്പ് കൊങ്കൺ റെയിൽവേയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് മോഷണ കേസിൽ മൂന്ന് തവണ മലയാളി യായ നിഖിൽ കുമാറിനെ ഞാൻ നേരിട്ട് പിടികൂടിയിട്ടുണ്ട്. മംഗലാപുരം മുതൽ രത്നഗിരി വരെയുള്ള വിശാലമായ പാത കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. നിഖിൽ കുമാറിന്റെ പേരിൽ ചുരുങ്ങിയത് പത്തിൽ അധികം കേസുകളെങ്കിലും നിലവിലുണ്ടാകുമെന്നാണ് നിഗമനം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന സുരക്ഷാ മുന്നറിയിപ്പുകളും മോഷ്ടാക്കളുടെ കൗശലങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. സ്ലീപ്പർ ക്ലാസുകളിലെ 1 മുതൽ 8 വരെയുള്ള സീറ്റുകളിൽ നിന്നും 64 മുതൽ 72 വരെയുള്ള സീറ്റുകളിൽ നിന്നുമാണ് ട്രെയിൻ മോഷണങ്ങളിൽ 90 ശതമാനവും നടക്കുന്നത്. വാതിലുകൾക്കടുത്തുള്ള ഈ സീറ്റുകൾ മോഷ്ടാക്കൾക്ക് പെട്ടെന്ന് രക്ഷപ്പെടാൻ എളുപ്പമാണ്.
അതുപോലെ ടാർഗറ്റ് ചെയ്യപ്പെടുന്നവരിൽ 90 ശതമാനത്തിൽ അധികവും സ്ത്രീകളാണ്. യാത്രയിലുടനീളം ഹാൻഡ് ബാഗുകൾ തലയിണയ്ക്ക അടിയിലോ തലയുടെ ഭാഗത്തോ വെച്ച് ഉറങ്ങുന്ന ശീലം സ്ത്രീകൾക്കുണ്ട്. വിലപിടിപ്പുള്ള സ്വർണ്ണമോ പണമോ ഇതിലൂണ്ടെന്ന കൃത്യമായ സൂചനയാണ് മോഷ്ടാക്കൾക്ക് ഇത് നൽകുന്നത്. ട്രെയിനുകളുടെ വേഗത കുറയുന്ന സമയത്തോ, സ്റ്റേഷനുകളിൽ എത്താറാകുന്ന വേളയിലോ ആണ് ഇത്തരം കവർച്ചകൾ ഭൂരിഭാഗവും നടക്കുന്നത്.
ഇത്തരം കുറ്റവാളികളുടെ കൈവശം എപ്പോഴും ചെറിയൊരു ബാഗുണ്ടാകും. അതിൽ ഒന്നോ രണ്ടോ ഷർട്ടുകളാകും കരുതുക. മോഷണം നടത്തിയ ഉടൻ തന്നെ ഇവർ ഷർട്ട് മാറി വേറെ രൂപത്തിലാകും. പിന്നീട് ആ വേഷത്തിലാണ് യാത്ര തുടരുക; പോലീസിന്റെയോ യാത്രക്കാരുടെയോ കണ്ണിൽപ്പെടാതിരിക്കാനും തിരിച്ചറിയാതിരിക്കാനുമാണ് ഈ വേഷംമാറ്റം. മാത്രമല്ല, പരിഭ്രാന്തി ഒഴിവാക്കാനും ടിടിഇ പിടികൂടിയാൽ രക്ഷപ്പെടാനുമായി കൃത്യമായി ടിക്കറ്റ് എടുത്താണ് ഭൂരിഭാഗം മോഷ്ടാക്കളും ഇത്തരം ദീർഘദൂര ട്രെയിനുകളിൽ കയറുന്നത്.
അതേസമയം യാത്രക്കാരുടെ ജീവനും സ്വത്തിനും ഉറപ്പായ സംരക്ഷണം നൽകാൻ ആർ.പി.എഫും കൊങ്കൺ റെയിൽവേ അധികൃതരും അടിയന്തരമായി ഇടപെട്ട് എസി, സ്ലീപ്പർ കോച്ചുകളിൽ രാത്രികാല സുരക്ഷയും പട്രോളിംഗും കർശനമാക്കണമെന്നാണ് ദീർഘദൂര യാത്രക്കാരുടെ ശക്തമായ ആവശ്യം.