മുംബൈയിലെ മുളൂണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ ‘ശ്രീ അയ്യപ്പ സേവാസംഘം മുളൂണ്ട്’ ജീവകാരുണ്യ രംഗത്ത് 27-ാം വർഷത്തിലേക്ക് കടക്കുന്നു. 1999-ൽ തുടക്കം കുറിച്ച ഈ സംഘടന, നിലവിൽ കാഴ്ചപരിമിതർക്കായി നടത്തിവരുന്ന റേഷൻ കിറ്റ് വിതരണത്തിലൂടെ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്. 75-ാം വയസ്സിലും യു. വേണുഗോപാലൻ നായരുടെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
ഭജനക്കൂട്ടായ്മയിൽ നിന്ന് തുടക്കം
1999-ൽ യു. വേണുഗോപാലൻ നായരുടെ നേതൃത്വത്തിലാണ് ഈ സംഘടന രൂപീകൃതമാകുന്നത്. എം.ഐ. ദാമോദരൻ, ഉണ്ണി, മോഹൻദാസ് മേനോൻ, വിലാസിനി നായർ, കമലം, ഭാസ്കരൻ, ചന്ദ്രശേഖരൻ തുടങ്ങിയ പ്രവാസി മലയാളികളാണ് തുടക്കത്തിൽ ഇതിന് പിന്തുണ നൽകിയത്.

വീടുകൾ തോറും അയ്യപ്പ ഭജനങ്ങൾ നടത്തി പരസ്പരം പരിചയപ്പെടുക, ഒരു മലയാളി കൂട്ടായ്മ രൂപീകരിക്കുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. അതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യവും സംഘടനയ്ക്കെന്നുണ്ടായിരുന്നു.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ യു. വേണുഗോപാലൻ നായർ 1975-ലാണ് മുംബൈയിലെത്തുന്നത്. ഇടക്കാലത്ത് 14 വർഷം ഗൾഫിൽ ജോലി ചെയ്ത അദ്ദേഹം, മുംബൈയിൽ തിരിച്ചെത്തിയ ശേഷം വാഗ്ലെ എസ്റ്റേറ്റിൽ സ്വന്തമായി കമ്പനി ആരംഭിച്ചു. നിലവിൽ മുളൂണ്ട് വെസ്റ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അദ്ദേഹം, സ്വന്തം ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെയാണ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.

പ്രവർത്തനങ്ങളിലെ വഴിത്തിരിവ്
2019-ലെ ഒരു സംഭവമാണ് ഈ സംഘടനയുടെ പ്രവർത്തനമുഖം തന്നെ മാറ്റിമറിച്ചത്. ഭജനയ്ക്കായി ഫണ്ട് ശേഖരിക്കാൻ പോയ വേണുഗോപാലൻ നായരോട് നാരായണൻ അയ്യർ എന്ന മലയാളി പറഞ്ഞ വാക്കുകൾ ഒരു തിരിച്ചറിവായിരുന്നു: “ഭജനയോ അയ്യപ്പപൂജയോ അല്ല യഥാർത്ഥ പൂജ; ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഏറ്റവും വലിയ പൂജ.”

ഈ വാക്കുകൾ വേണുഗോപാലൻ നായരുടെ മനസ്സിൽ ശക്തമായി പതിഞ്ഞു. തൊട്ടുപിന്നാലെ, മറ്റൊരു സുഹൃത്തിനെ കാണാൻ പോയപ്പോൾ കാഴ്ചപരിമിതിയുള്ള കുറേപേർ പലചരക്ക് സാധനങ്ങൾ തലയിൽ ചുമന്നുകൊണ്ട് നടക്കുന്നത് അദ്ദേഹം കണ്ടു.അന്വേഷിച്ചപ്പോഴാണ് എല്ലാ മാസവും അമാവാസി ദിവസങ്ങളിൽ കാഴ്ചപരിമിതിയുള്ളവർക്കായി റേഷൻ സാധനങ്ങൾ നൽകുന്ന ഒരു സംഘടനയുടെ രീതിയെക്കുറിച്ച് അറിയുന്നത്. ഈ സംഭവങ്ങൾ ജീവകാരുണ്യത്തിന്റെ ഒരു പുതിയ പാതയിലേക്ക് അയ്യപ്പസേവാസംഘത്തെ നയിച്ചു.

റേഷൻ കിറ്റ് വിതരണവും സ്പോൺസർഷിപ്പും
2019 മാർച്ച് 21 മുതൽ ‘പൂനം ബ്ലൈൻഡ് ഹെൽപ് വെൽഫെയർ ഫൗണ്ടേഷൻ മുളൂണ്ട്’ എന്ന പേരിൽ കാഴ്ചപരിമിതിയുള്ളവർക്കായി എല്ലാ മാസവും റേഷൻ കിറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി.
“ഒരു ഗുജറാത്തി വ്യവസായിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യ മാസങ്ങളിൽ 100 പേർക്കും പിന്നീട് 150 പേർക്കും ആവശ്യമായ റേഷൻ കിറ്റുകൾക്കുള്ള തുക പൂർണ്ണമായും അദ്ദേഹം സ്പോൺസർ ചെയ്തു. ആ സഹായം ഇപ്പോഴും തുടരുന്നുണ്ട്”.വേണു ഗോപാലൻ നായർ പറയുന്നു.

‘എം.ഐ. ദാമോദരൻ, ഉമ്മൻ മൈക്കിൾ, ഉദയ്,സി. കെ. മോഹൻദാസ്,കെ. രാജശേഖരൻ നായർ,
എ. കെ. ഡി. ഉണ്ണി തുടങ്ങിയവർ ആവശ്യമായ പിന്തുണ നൽകിപ്പോരുന്നു. നിലവിൽ നിരവധി ആളുകൾ ഈ സംരംഭത്തിലേക്ക് സഹായങ്ങൾ നൽകുന്നുണ്ട്. 75,000, 50,000, 25,000, 10,000 എന്നിങ്ങനെ സാമ്പത്തിക സംഭാവനകൾ നൽകിയാണ് പലരും ഇതിൽ പങ്കാളികളാകുന്നത്. കൂടാതെ, വിവരമറിഞ്ഞ് ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ റേഷൻ കിറ്റ് വിതരണത്തിന് സഹായങ്ങളുമായി മുന്നോട്ടുവരാറുണ്ട്’.അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യം: 1,000 പേരിലേക്ക്
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കാഴ്ചപരിമിതിയുള്ളവർ റേഷൻ കിറ്റുകൾക്കായി ഇവിടെ എത്തിച്ചേരുന്നത്. നിലവിൽ പ്രതിമാസം 800 മുതൽ 850 വരെ ആളുകൾക്ക് റേഷൻ കിറ്റുകൾ നൽകുന്നുണ്ട്. 5 കിലോ ആട്ട, 5 കിലോ അരി, 1 കിലോ പഞ്ചസാര, 500 ഗ്രാം ശർക്കര, 1 കിലോ പരിപ്പ്, 1 കിലോ ഉപ്പ്, 500 മില്ലി എണ്ണ, 100 ഗ്രാം ജീരകം, 250 ഗ്രാം തേയില, കൂടാതെ 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയ്ക്കൊപ്പം അലക്കുസോപ്പും കുളിസോപ്പും അടങ്ങുന്നതാണ് ഓരോ റേഷൻ കിറ്റും.ഈ സഹായം കുറഞ്ഞത് 1,000 പേരിലേക്കെങ്കിലും വ്യാപിപ്പിക്കുക എന്നതാണ് അയ്യപ്പസേവാസംഘത്തിന്റെ അടുത്ത ലക്ഷ്യം.
ഒരു ചെറിയ ഭജനക്കൂട്ടായ്മയായി തുടങ്ങി, ഇന്ന് നിരവധി കാഴ്ചപരിമിതർക്ക് പ്രതിമാസ റേഷൻ എത്തിച്ചു നൽകുന്ന പ്രസ്ഥാനമായി ശ്രീ അയ്യപ്പസേവാസംഘം മുളൂണ്ട് പ്രവർത്തനം തുടരുകയാണ്.