താനെ ഗുരുസെന്റർ ഇരുപതാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു

by admin

താനെ: ശ്രീനാരായണ മന്ദിരസമിതി താനേ ഗുരുസെന്ററിന്റെ ഇരുപതാമത് വാർഷികാഘോഷം ഒക്ടോബർ 22 വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 6-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് 7.30-ന് ഗുരുപൂജ, 8-ന് ശാന്തി ഹവനം, 9-ന് വനിതാ വിഭാഗത്തിന്റെ ഗുരുഭാഗവത പാരായണം എന്നിവയും, 11-ന് ഷീജാ മാത്യുവിന്റെ പ്രഭാഷണവും, 12-ന് പുഷ്പാഭിഷേകവും മഹാഗുരുപൂജയും നടന്നു. ഉച്ചയ്ക്ക് 1-ന് മഹാപ്രസാദ വിതരണവും ഉണ്ടായിരുന്നു. ശശി ശാന്തിയാണ് പൂജാ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്.

ഉച്ചയ്ക്ക് 2 മുതൽ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.സി. മുതൽ പി.ജി., എൻജിനീയറിങ് വരെയുള്ള പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്ന ചടങ്ങും അരങ്ങേറി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സമിതി സെക്രട്ടറി ഒ.കെ. പ്രസാദ്, കല്യാൺ സോണൽ സെക്രട്ടറി പി.കെ. ആനന്ദൻ എന്നിവർ പങ്കെടുത്തു. യൂണിറ്റിന്റെ സ്ത്രീസാന്നിധ്യത്തെ പ്രശംസിച്ച എസ്.എൻ.എം.എസ്. പ്രസിഡന്റ്‌ എം.ഐ. ദാമോദരൻ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശദീകരിച്ചു.

പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗുരുദർശനത്തിൽ ഡിപ്ലോമ നേടിയിട്ടുള്ള ഷീജാ മാത്യു പ്രഭാഷണം നടത്തി. മനുഷ്യസ്നേഹം, സമത്വം, സാഹോദര്യം എന്നിവ ഊന്നിയുള്ള ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും വഴികാട്ടിയാണെന്നും, ജാതി-മത ഭേദങ്ങൾക്കതീതമായി സമൂഹത്തിൽ ഐക്യം വളർത്താൻ ഗുരുദർശനങ്ങൾക്ക് കഴിയുമെന്നും അവർ പറഞ്ഞു. ഗുരുവിന്റെ പ്രബോധനങ്ങളും തത്ത്വചിന്തകളും പുതുതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെയും ലോകമെമ്പാടും വ്യാപിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും പ്രഭാഷണത്തിൽ അവർ ഊന്നിപ്പറഞ്ഞു.

You may also like