ഇന്ത്യ–മോൾഡോവ ബിസിനസ് ഫോറം: വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

by admin

കിഷിനൗ (മോൾഡോവ): രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ് ഫോറത്തിൽ ഇന്ത്യയിലെ വിപുലമായ വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) സെക്രട്ടറി ജനറലും ബിആർഐസിഎസ് (BRICS) ബിസിനസ് കൗൺസിൽ അംഗവുമായ അദ്ദേഹം, രാഷ്ട്രപതിക്കൊപ്പമുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് മോൾഡോവയിലെത്തിയത്.

​മോൾഡോവ റിപ്പബ്ലിക് പ്രസിഡന്റ് മയ സാൻഡു, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, മോൾഡോവ നിയുക്ത പ്രധാനമന്ത്രി വസിലെ ടോഫാൻ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) ഡോ. സിബി ജോർജ്, റൊമാനിയയിലെയും മോൾഡോവയിലെയും ഇന്ത്യൻ അംബാസഡർ ഡോ. മനോജ് കുമാർ മൊഹാപത്ര എന്നിവരുൾപ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നത സർക്കാർ പ്രതിനിധികളും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ‘Economic and Investment Perspectives: Moldova and India’ എന്ന സെഷനിൽ ‘Business Opportunities in India’ എന്ന വിഷയത്തിലാണ് ഡോ. സുരേഷ്‌കുമാർ സംസാരിച്ചത്.

ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ മോൾഡോവൻ കമ്പനികൾക്ക് ലഭ്യമായ അവസരങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൃഷി–ഭക്ഷ്യസംസ്‌കരണം, ഐ.ടി., നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അന്താരാഷ്ട്ര തൊഴിൽശക്തി കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ, സാങ്കേതിക സഹകരണം, നിക്ഷേപ പദ്ധതികൾ എന്നിവ വികസിപ്പിക്കാൻ മോൾഡോവൻ കമ്പനികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യൂറോപ്യൻ വിപണികളുമായുള്ള ബന്ധം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, വൈൻ വ്യവസായം, ഐ.ടി. മേഖല, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവ മോൾഡോവയെ ഇന്ത്യൻ സംരംഭങ്ങൾക്ക് മികച്ച പങ്കാളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പരസ്പരപൂരകമായ ശക്തികളെ ദീർഘകാല സാമ്പത്തിക പങ്കാളിത്തങ്ങളാക്കി മാറ്റണമെന്നും രാഷ്ട്രപതിയുടെ സന്ദർശനം ഇരുരാജ്യബന്ധങ്ങൾക്കും പുതിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് ഫോറത്തിനോടനുബന്ധിച്ച് നടന്ന ബി2ബി (B2B) കൂടിക്കാഴ്ചകൾ പുതിയ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കി.

ഇത്തരം സുപ്രധാന അന്താരാഷ്ട്ര വേദിയിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് ഇന്ത്യൻ രാഷ്ട്രപതി, കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, ഫിക്കി (FICCI), മോൾഡോവ സർക്കാർ, ഇൻവെസ്റ്റ് മോൾഡോവ ഏജൻസി, ഇന്ത്യൻ എംബസി എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യ, മോൾഡോവ, യൂറോപ്യൻ മേഖലകൾക്കിടയിൽ സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിലൂടെയും INMECC-യിലൂടെയും തുടർന്നും നടത്തുമെന്ന് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ വ്യക്തമാക്കി.

You may also like