മുംബയ്: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്മെൻ്റിൽ ചെമ്പൂരിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു മറാഠി വിദ്യാലയം ഇനി പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക്. വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളിലെയും പരമ്പരാഗത ബ്ലാക് ബോർഡുകൾ മാറ്റി പകരം അത്യാധുനിക ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്തെ ഈ വലിയ മുന്നേറ്റത്തിന് കരുത്തുപകർന്നുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (SBI) മ്യൂച്വൽ ഫണ്ട് മാനേജ്മെൻ്റാണ് 18 ലക്ഷത്തോളം രൂപ വിലവരുന്ന 13 ഡിജിറ്റൽ ബോർഡുകൾ വിദ്യാലയത്തിന് സംഭാവനയായി നൽകിയത്.
ക്ലാസ് മുറികളിൽ സജ്ജമാക്കിയ ഡിജിറ്റൽ ബോർഡുകളുടെ പ്രവർത്തന ഉദ്‌ഘാടനം എസ്.ബി.ഐ. ഫണ്ട് മാനേജ്മെൻ്റ് ചീഫ് രജത് ഗ്രോവർ നിർവഹിച്ചു. സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചതിലൂടെ കൂടുതൽ കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കുന്നതിനും അതോടൊപ്പം തന്നെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ എം. ഐ. ദാമോദരൻ പ്രത്യാശ പ്രകടിപ്പിച്ചു.
മറാത്തി വിദ്യാർത്ഥികളുടെ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്ന സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദിന്റെ ശ്രമങ്ങളും താല്പര്യവുമാണ് ഈ വലിയ തുകയുടെ സമാഹരണത്തിനും പദ്ധതിയുടെ വിജയത്തിനും പിന്നിലുള്ളത്. അനേകം വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ, ഇതിനായി സഹകരിച്ച എസ്.ബി.ഐ. മ്യൂച്വൽ ഫണ്ട് അധികൃതരോട് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങിൽ എസ്.ബി.ഐ. സി. എസ്. ആർ. ഫണ്ട് മാനേജ്മെൻ്റ് ചീഫ് നിഷാന്ത് ബംഗാരേ, മറാഠി വിദ്യാലയം പ്രിൻസിപ്പൽ ദിഗംബർ ജി. പാക്കറേ, സമിതി അസി. ട്രഷറാർ പി. പൃഥ്വിരാജ് എന്നിവരും പേട്രൺസ്, വിവിധ യൂണിറ്റ് സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.