റായ്ഗഡ് : രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം പൻവലിൽ കുടുംബസംഗമവും ഈ അധ്യയനവർഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ന്യൂ പൻവൽ സെക്ടർ 6-ലെ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ഓഡിറ്റോറിയത്തിൽ ജൂൺ 28 ഞായറാഴ്ചയാണ് ഒരു ദിവസം നീണ്ടുനിന്ന പരിപാടികൾ നടന്നത്.

രാവിലെ 9:30-ന് നടന്ന ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനം എ.ബി.വി.പി സംസ്ഥാന ഉപാധ്യക്ഷനും കോട്ടയം മഹാത്മാഗാന്ധി സർവകലാശാല സെനറ്റംഗവുമായ ശ്രീ. അരുൺ മോഹൻ നിർവഹിച്ചു. ബാലഗോകുലത്തിന്റെ മുംബൈയിലെ കാര്യകർത്താക്കൾ നേതൃത്വം നൽകിയ ക്ലാസും നവി മുംബൈയിലെ ബാലഗോകുലാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഹരീഷ് നായർ, വിജയകുമാർ, ഗീതാ നമ്പ്യാർ, ശ്രീകല ഉണ്ണികൃഷ്ണൻ, ദിവ്യാ മണികണ്ഠൻ, മിനി പ്രദീപ്, സജീഷ് സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം 5:30-ന് നടന്ന ഭാരത് ഭാരതി കുടുംബസംഗമത്തിൽ പൻവൽ താലൂക്കിൽ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. ഭാരത് ഭാരതി പ്രമുഖ് എ. ആർ. ഗോകുൽ ദാസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം നെരൂൾ മാതാ അമൃതാനന്ദമയി മഠത്തിലെ സംപൂജ്യ സ്വാമി അവ്യയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ശ്രീ. അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ്ജി കാണെ, ഡോ. ഗീതാ നമ്പ്യാർ, രാജേഷ് മേനോൻ, ജി. വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. പി. എം. ശ്രീജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു.

സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്തം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറി. ശ്രീമതി സുനിതാ രാജേഷ് മേനോൻ, എം. രാമചന്ദ്രൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പൻവൽ താലൂക്കിലെ വിവിധ ആധ്യാത്മിക-സാമുദായിക സംഘടനാ പ്രതിനിധികളെയും അതിഥികളെയും നൃത്ത കലാധ്യാപികമാരെയും പുസ്തകങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
