പണം അടച്ചിട്ടും അശ്ലീലചിത്രങ്ങൾ അയച്ച് ബ്ലാക്‌മെയിലിംഗ്; മുംബൈയിൽ ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ 6 പേർ പിടിയിൽ

by WhatsUp Mumbai

മുംബൈ: ഓൺലൈൻ ലോൺ ആപ്പുകളുടെ പേരിലുള്ള ക്രൂരമായ ബ്ലാക്ക്‌മെയിലിംഗിനും ഭീഷണിക്കുമെതിരെ മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ ശക്തമായ നടപടി. വായ്പ തിരിച്ചടവ് വൈകിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെയും കുടുംബത്തെയും അശ്ലീല സന്ദേശങ്ങളും വ്യാജ ചിത്രങ്ങളും അയച്ച് ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തെ ക്രൈംബ്രാഞ്ച് (യൂണിറ്റ് 7) അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി മേയ് 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബാങ്ക് ജീവനക്കാരനായ പരാതിക്കാരൻ അടിയന്തര ആവശ്യത്തിനായി ഒരു ഓൺലൈൻ ആപ്പിൽ നിന്ന് ചെറിയ തുക വായ്പ എടുത്തിരുന്നു. എന്നാൽ, തുക കൃത്യമായി തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഈ സംഘം നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. പണം നൽകാതിരുന്നതോടെ പരാതിക്കാരന്റെയും ഭാര്യയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുമെന്നായി ഭീഷണി. പ്രതികളുടെ മാനസിക പീഡനം സഹിക്കവ്യാധിയായതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.

കേസിന്റെ ഗൗരവം ഉൾക്കൊണ്ട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം, ഡിജിറ്റൽ തെളിവുകളുടെയും മൊബൈൽ ലൊക്കേഷനുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ വലയിലാക്കിയത്. ലോൺ ആപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ റാക്കറ്റിന്റെ ഭാഗമാണ് പിടിയിലായ റിക്കവറി ഏജന്റുമാരെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
​സമാനമായ രീതിയിൽ നിരവധി പേർ ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വായ്പയെടുക്കുന്നവരുടെ ഫോൺ കോൺടാക്റ്റുകളും ഗാലറിയിലെ ചിത്രങ്ങളും ചോർത്തിയാണ് ഇത്തരം സംഘങ്ങൾ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്നത്. അപരിചിതമായ ഓൺലൈൻ ലോൺ ആപ്പുകളെയും ലിങ്കുകളെയും പൊതുജനങ്ങൾ ജാഗ്രതയോടെ സമീപിക്കണമെന്നും ഭീഷണികൾ ഉണ്ടായാൽ ഒട്ടും വൈകാതെ പോലീസിൽ വിവരമറിയിക്കണമെന്നും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നൽകി.

You may also like