മുംബൈ: വടക്കേ ഇന്ത്യ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലമരുമ്പോൾ, കത്തുന്ന വെയിലിന്റെ ഏറ്റവും തീക്ഷ്ണമായ ഒൻപത് ദിവസങ്ങൾ അടയാളപ്പെടുത്തുന്ന ‘നൗതപ’ (Nautapa) കാലഘട്ടത്തിൽ മുംബൈ നഗരത്തിലും ചൂട് റെക്കോർഡുകൾ ഭേദിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കുട്ടികളിൽ കടുത്ത നിർജ്ജലീകരണവും (Dehydration) സൂര്യാഘാതവും (Heat Stroke) ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതായി മുംബൈയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം വയറിളക്കം, കടുത്ത ഛർദ്ദി, ക്ഷീണം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തിന് താപനില സ്വയം ക്രമീകരിക്കാനുള്ള ശേഷി കുറവായതിനാലാണ് അവർ പെട്ടെന്ന് രോഗബാധിതരാകുന്നത്. നിർജ്ജലീകരണം കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ അത് കുട്ടികളുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചേക്കാം. കടുത്ത ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയോ ഇരുണ്ട നിറമാകുകയോ ചെയ്യുക, വരണ്ട വായ, മയക്കം, കഠിനമായ തലവേദന, അകാരണമായ കോപം എന്നിവ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ കുട്ടിയെ തണലുള്ള തണുത്ത സ്ഥലത്തേക്ക് മാറ്റുകയും നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുകയും വേണം. ബോധക്ഷയമുണ്ടാവുകയോ അബോധാവസ്ഥയിലാവുകയോ ചെയ്താൽ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കണം. ചൂട് കൂടിയ സമയങ്ങളിൽ കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്. ഒപ്പം ഒആർഎസ് (ORS) ലായനി, തിളപ്പിച്ചാറ്റിയ വെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, മോരുംവെള്ളം എന്നിവ ധാരാളമായി നൽകാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടിയ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ (Cotton clothes) ധരിപ്പിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെ യാതൊരു കാരണവശാലും പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കുള്ളിൽ തനിച്ചാക്കി പോകരുതെന്നും മെഡിക്കൽ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സ്കൂളുകളും രക്ഷിതാക്കളും അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.