യുദ്ധമല്ല, സമാധാനമാണ് പ്രധാനം; മുംബൈയിൽ ലോകനേതാക്കളുടെ വൻ ഒത്തുചേരൽ, കൈകോർത്ത് സോനു സൂദും

by WhatsUp Mumbai

​മുംബൈ: ലോകത്ത് സമാധാനവും കാരുണ്യവും നീതിയും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിലെ പ്രമുഖരെ അണിനിരത്തി സംഘടിപ്പിച്ച ‘ബില്യണയേഴ്സ് ഫോർ പീസ് കോൺക്ലേവ് 2026’ (Billionaires for Peace Conclave) മൂന്നാം പതിപ്പിന് മുംബൈയിൽ പ്രൗഢോജ്ജ്വല സമാപ്തി. ‘ഐ ആം പീസ്കീപ്പർ മൂവ്‌മെന്റിന്റെ’ (I Am Peacekeeper Movement) ആഭിമുഖ്യത്തിൽ വോക്ഹാർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് മുംബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഈ വിശ്വസമാധാന സംഗമം അരങ്ങേറിയത്. നൊബേൽ സമ്മാന ജേതാക്കൾ, രാഷ്ട്രീയ നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, ആത്മീയ നേതാക്കൾ, കലാ-സാംസ്കാരിക രംഗത്തെ പ്രശസ്തർ എന്നിവർ ഒരേ വേദിയിൽ ഒത്തുചേർന്നു.

ഭൗതികമായ അഭിവൃദ്ധി കൊണ്ടുമാത്രം മനുഷ്യന് പൂർണ്ണമായ ക്ഷേമം ഉറപ്പാക്കാനാകില്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും അഭാവം മാത്രമല്ല സമാധാനം; മറിച്ച് നീതിയും അന്തസ്സും പരസ്പര വിശ്വാസവും തുല്യാവസരങ്ങളും നിലനിൽക്കുന്ന അവസ്ഥയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ, ആർ.എസ്.എസ് മുതിർന്ന നേതാവ് സുരേഷ് ഭയ്യാജി ജോഷി എന്നിവരും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈസ്റ്റ് തിമോർ പ്രസിഡന്റും നൊബേൽ ജേതാവുമായ ഹോസെ മാനുവൽ റാമോസ് ഹോർത്തയുടെ വിഡിയോ സന്ദേശവും ചടങ്ങിൽ ശ്രദ്ധേയമായി.

തുടർന്ന് നടന്ന പാനൽ ചർച്ചകളിൽ നൊബേൽ സമ്മാന ജേതാക്കളായ മോഹൻ മുനസിംഗെ, കൈലാഷ് സത്യാർത്ഥി, ഹൗസിൻ അബാസി, ഗ്രിഗറി പെൽമാൻ എന്നിവർ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം, ആഗോള അസമത്വം, വിഭവങ്ങളുടെ ദൗർലഭ്യം തുടങ്ങിയ പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടങ്ങളും കോർപ്പറേറ്റുകളും പൊതുസമൂഹവും ഒരുമിച്ച് കൈകോർക്കണമെന്ന് നൊബേൽ ജേതാക്കൾ ആഹ്വാനം ചെയ്തു. പ്രമുഖരും സ്വാധീനശക്തിയുള്ളവരുമായ വ്യക്തികൾ വിചാരിച്ചാൽ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ ഡോ. ഹുസൈഫ ഖൊറാക്കിവാല വ്യക്തമാക്കിയത്.

കോൺക്ലേവിനോടനുബന്ധിച്ച് നടൻ സോനു സൂദിന്റെ ‘സൂദ് ചാരിറ്റി ഫൗണ്ടേഷനും’ ‘ബില്യണയേഴ്സ് ഫോർ പീസ്’ പ്രസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള മാനുഷിക-സമാധാന പ്രവർത്തനങ്ങൾക്ക് സോനു സൂദ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള മികച്ച വേദിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത താരങ്ങളായ രാജ് ബബ്ബർ, ജാവേദ് ജാഫ്രി, മഹാരാഷ്ട്ര മന്ത്രി അദിതി സുനിൽ തത്കരെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പണവും സ്വാധീനവുമുള്ളവർ വിചാരിച്ചാൽ ലോകത്തെ നല്ല രീതിയിലേക്ക് നയിക്കാനാകുമെന്ന് ജാവേദ് ജാഫ്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ബിസിനസ്, പൊതുസേവനം, കല എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്ക് ‘ഐ ആം പീസ്കീപ്പർ മൂവ്‌മെന്റ് ചാമ്പ്യൻ അവാർഡുകൾ’ സമ്മാനിച്ചു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ഇതിനകം ലോകമെമ്പാടുമുള്ള 21 ലക്ഷത്തിലധികം ജനങ്ങളിലേക്ക് ഈ സമാധാന സന്ദേശം എത്തിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. ആഗോള മാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധനേടിയ ഈ രാജ്യാന്തര കോൺക്ലേവോടെ, വിശ്വസമാധാന ചർച്ചകളുടെ മുഖ്യകേന്ദ്രമായി മുംബൈ വീണ്ടും മാറി.

You may also like