മുംബൈ: ലാൽബാഗ് രാജയുടെ അനുഗ്രഹം തേടി പ്രമുഖ ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയാണ് ഇരുവരും ലാൽബാഗ് രാജ മണ്ഡലിലെത്തി ദർശനം നടത്തിയത്.
പരമ്പരാഗത ശൈലിയിൽ വെളുത്ത കുർത്തയും പൈജാമയും ധരിച്ച് നെറ്റിയിൽ തിലകമണിഞ്ഞാണ് പൃഥ്വിരാജ് പന്തലിലെത്തിയത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലാൽബാഗ് രാജയ്ക്ക് കാണിക്കയർപ്പിച്ച താരം, പ്രാർത്ഥനകൾക്ക് ശേഷമാണ് മടങ്ങിയത്. താരം ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ, വ്യവസായി ആനന്ദ് അംബാനി, പരിണീതി ചോപ്ര, നീൽ നിതിൻ മുകേഷ് തുടങ്ങിയ പ്രമുഖരും തിങ്കളാഴ്ച ലാൽബാഗ് രാജയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികളും ഇവിടെ ദർശനം നടത്തി.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ഏറ്റവും ജനപ്രിയവും ഭക്തജനസാന്ദ്രവുമായ ഗണേശോത്സവ പന്തലുകളിൽ ഒന്നാണ് ലാൽബാഗ് രാജ. സാധാരണക്കാർ മുതൽ സാംസ്കാരിക-സിനിമാ ലോകത്തെ പ്രമുഖർ വരെ അണിനിരക്കുന്ന ഈ ആഘോഷങ്ങളുടെ ഒടുവിലാണ് ലാൽബാഗ് രാജയുടെ പ്രസിദ്ധമായ വിസർജന ഘോഷയാത്ര നടക്കുക.