നവി മുംബൈ വിമാനത്താവള നിർമ്മാണത്തിലും കൈയൊപ്പ് ചാർത്തി ഒരു മലയാളി സംരംഭം: മുന്നേറ്റത്തിന്റെ 30 വർഷങ്ങളിൽ ‘എസ്. ബി. ഇലക്ട്രിക്കൽസ്’

by admin

മുംബൈ: മെട്രോ നഗരങ്ങളുടെ വൻകിട വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സമാന്തരമായി വളർന്നുവന്ന പ്രസ്ഥാനമാണ് പൻവേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘എസ്. ബി. ഇലക്ട്രിക്കൽസ്’ (S. B. Electricals). കഴിഞ്ഞ 30വർഷമായി വൈദ്യുത-മറൈൻ എഞ്ചിനീയറിംഗ് കരാർ രംഗത്ത് സജീവ സാന്നിധ്യമായ ഈ സ്ഥാപനവും, അനുബന്ധ കമ്പനിയായ ‘സെന്റ് ബ്ലെയ്സ് ഇലക്ട്രിക്കൽസ് & മറൈൻ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡും’ കൃത്യതയാർന്ന പ്രവർത്തനത്തിലൂടെയാണ് വ്യവസായ ലോകത്ത് ശ്രദ്ധ നേടുന്നത്. കുട്ടനാട് സ്വദേശിയായ രാജീവ് തോമസ് എന്ന മലയാളി സംരംഭകന്റെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ.

നവി മുംബൈ വിമാനത്താവള പദ്ധതിയിൽ പങ്കാളിത്തം

രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുപ്രധാന വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കാൻ സാധിച്ചത് കമ്പനിയുടെ സാങ്കേതിക മുന്നേറ്റത്തിന് തെളിവാണ്. നിർമ്മാണ രംഗത്തെ മുൻനിരക്കാരായ അദാനി ഗ്രൂപ്പ്, എൽ ആന്റ് ടി (Larsen & Toubro) എന്നിവരുമായി സഹകരിച്ചാണ് വിമാനത്താവളത്തിലെ സങ്കീർണ്ണമായ ഇലക്ട്രിക്കൽ പ്രവൃത്തികൾ സ്ഥാപനം പൂർത്തിയാക്കിയത്. മുംബൈ-പൂനെ അതിവേഗ പാതയിലെ ഭൂഗർഭ തുരങ്ക വെളിച്ച വിന്യാസം (ടണൽ ലൈറ്റിംഗ്) ഉൾപ്പെടെ ദേശീയ ശ്രദ്ധ നേടിയ നിരവധി പദ്ധതികളിലും കമ്പനി ഭാഗമായിട്ടുണ്ട്.

വിശ്വാസ്യതയിൽ പടുത്തുയർത്തിയ തുടക്കം

തുടക്കകാലത്ത് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക്കൽ പ്രവൃത്തികളിലൂടെ പ്രയാണം ആരംഭിച്ച കമ്പനിക്ക്, 1997-ൽ പ്രമുഖ ആഗോള സാങ്കേതിക വിദ്യ കമ്പനിയായ ‘സീമൻസി’ന് (Siemens) വേണ്ടി അലിബാഗിലെ ഗെയിൽ (GAIL – Gas Authority of India Limited) പ്രൊജക്റ്റിൽ പങ്കാളിയാകാൻ സാധിച്ചത് വലിയൊരു വഴിത്തിരിവായി. ഈ പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കിയതോടെ വലിയ വൻകിട കരാറുകൾ ഏറ്റെടുക്കാനുള്ള പ്രാപ്തിയും വ്യവസായ രംഗത്ത് വലിയ സ്വീകാര്യതയും കമ്പനിക്ക് കൈവന്നു.

സാങ്കേതിക വൈവിധ്യവും വിപുലമായ സേവനങ്ങളും

താഴ്ന്ന വോൾട്ടേജ് പ്രവൃത്തികൾ മുതൽ 110–220 KV ശേഷിയുള്ള എക്സ്ട്രാ ഹൈ വോൾട്ടേജ് (EHV) ഉപകേന്ദ്രങ്ങൾ (സബ്സ്റ്റേഷനുകൾ), ഊർജ്ജ നിലയങ്ങൾ, വിതരണ ശൃംഖലകൾ എന്നിവയുടെ നിർമ്മാണത്തിലും സ്ഥാപനത്തിലും കമ്പനി മികച്ച വൈദഗ്ധ്യം പുലർത്തുന്നു. സാങ്കേതിക രംഗത്തെ ആഗോള പ്രസ്ഥാനമായ സീമൻസിന് (Siemens) വേണ്ടി കർണാടകയിലെ കോലാറിലും ഒഡീഷയിലെ താൽച്ചറിലും എൻ.ടി.പി.സി.ക്ക് (NTPC) വേണ്ടി നടപ്പിലാക്കിയ പ്രോജക്റ്റുകൾ കമ്പനിയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലുകളാണ്.

സൗരോർജ്ജ പദ്ധതികൾ, വൈദ്യുതി നിയന്ത്രണ ബോർഡുകൾ (ഇലക്ട്രിക്കൽ പാനലുകൾ), വൻകിട സമുച്ചയങ്ങളുടെയും ഹോട്ടലുകളുടെയും വൈദ്യുതീകരണം, അപായ സൂചനാ സംവിധാനങ്ങൾ (ഫയർ അലാറം), ജല ശുദ്ധീകരണ ശാലകൾ തുടങ്ങിയ മേഖലകളിൽ കമ്പനി സമഗ്രമായ സേവനം നൽകിവരുന്നു. കൂടാതെ കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി (മറൈൻ) രംഗത്ത് സ്വയംപ്രേരിത സംവിധാനങ്ങൾ (ഓട്ടോമേഷൻ), ജനറേറ്ററുകൾ, നാവിക നിയന്ത്രണ യന്ത്രങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ സാങ്കേതിക പ്രവൃത്തികളും കമ്പനി വിജയകരമായി നിർവ്വഹിക്കുന്നുണ്ട്.

പ്രമുഖ കോർപ്പറേറ്റ്-പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാറുകൾ

സീമൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ പ്രൊജക്റ്റ്സ്, ഗെയിൽ, സിപ്ല, ബയോക്കോൺ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ കൂറ്റൻ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതിനുപുറമേ കൊച്ചിൻ ഷിപ്പ്‌യാർഡ്, മാസഗോൺ ഡോക്ക് എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ മറൈൻ വർക്കുകളും, ഇന്ത്യൻ റെയിൽവേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രധാനമായും ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളുമാണ് കമ്പനി ഏറ്റെടുത്തു നടത്തുന്നത്. കേരളത്തിൽ കെ.എസ്.ഇ.ബി.യുടെ 220 KV ഇരട്ട വിതരണ ലൈനിന്റെ സിവിൽ അടിത്തറ നിർമ്മാണ പ്രവൃത്തികളും കമ്പനി പൂർത്തിയാക്കിയിരുന്നു.

ടാറ്റയുടെ വൻകിട ഹൈഡ്രോ പ്രോജക്റ്റ്

ടാറ്റാ ഗ്രൂപ്പിന് വേണ്ടി കപോളിക്ക് സമീപം നടപ്പിലാക്കിയ വൻകിട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിലെ പങ്കാളിത്തവും കമ്പനിയുടെ നാഴികക്കല്ലുകളിൽ ഒന്നാണ്. ഡാമുകളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ സങ്കീർണ്ണമായ പദ്ധതിയിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞതും സാങ്കേതിക മികവ് ആവശ്യമായതുമായ ഈ വൻകിട പ്രോജക്റ്റ് വ്യവസായ ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും

ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് വലിയ പദ്ധതികളിൽ കമ്പനി സ്വീകരിക്കുന്നത്. ഉൽപ്പന്നങ്ങൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുകയും അവയുടെ ഗുണമേന്മാ സാക്ഷ്യപത്രങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും വിദഗ്ദ്ധരായ ജീവനക്കാരുടെ കൂട്ടായ്മയുമാണ് പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹായിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ രാജീവ് തോമസ് വ്യക്തമാക്കുന്നു.

30 വർഷത്തെ അനുഭവസമ്പത്തുള്ള കമ്പനി, നവി മുംബൈ വിമാനത്താവളത്തിന്റെ രണ്ടും മൂന്നും ഘട്ട വികസന ജോലികൾ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം വലിയ തോതിലുള്ള സൗരോർജ്ജ പദ്ധതികളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.

സാമൂഹിക-ആത്മീയ രംഗങ്ങളിലെ നേതൃപാടവം

വ്യാവസായിക തിരക്കുകൾക്കിടയിലും മുംബൈയിലെ സാംസ്കാരിക-സാമൂഹിക-ആത്മീയ മേഖലകളിൽ സജീവ സാന്നിധ്യമാണ് രാജീവ് തോമസ്. പൻവേൽ ഇടവക പള്ളിയുടെ ട്രസ്റ്റി, പാസ്റ്ററൽ കൗൺസിൽ അംഗം, പിതൃവേദിയുടെ രൂപതാ പ്രസിഡന്റ്,രൂപതാ കെ എൽ എം പ്രസിഡന്റ്‌,എന്നീ നിലകളിൽ മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പൻവേൽ മലയാളി സമാജത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം നിലവിൽ ‘കാത്തലിക് കോൺഗ്രസ്’ ഗ്ലോബൽ സെക്രട്ടറിയായി പൊതുരംഗത്ത് നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നു.

താൻ കൈവരിച്ച എല്ലാ വിജയങ്ങൾക്കും നന്മകൾക്കും പിന്നിൽ ദൈവത്തിന്റെ കൈയൊപ്പും അനുഗ്രഹവും ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം, സമാജങ്ങളുടെയും സഭാ രൂപതകളുടെയും പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ട്. സ്വന്തം പരിമിതികളിൽ നിന്നുകൊണ്ട് സഹജീവികൾക്ക് ആശ്വാസമേകാനും സഹായിക്കാനും ഈ മലയാളി സംരംഭകൻ എപ്പോഴും മുൻഗണന നൽകുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കോമ്പ് തെക്കേക്കരയിൽ തോമസ് ചാക്കോയുടെയും മറിയമ്മയുടെയും മകനാണ് രാജീവ് തോമസ്. നിലവിൽ കുടുംബത്തോടൊപ്പം ചങ്ങനാശ്ശേരി കുടിനാട്ടുകുന്നിലാണ് താമസം. സ്മിതയാണ് ഭാര്യ. റിയ,ദിയ എന്നിവരാണ് മക്കൾ.

വിശ്വാസ്യതയുടെ ഐ.എസ്.ഒ അംഗീകാരം

ഗുണനിലവാരമുള്ള സേവനവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും മുൻനിർത്തി പ്രവർത്തിക്കുന്ന ‘എസ്. ബി. ഇലക്ട്രിക്കൽസ്’, ‘സെന്റ് ബ്ലെയ്സ് ഇലക്ട്രിക്കൽസ് & മറൈൻ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നീ സ്ഥാപനങ്ങൾ പ്രൊഫഷണൽ മികവിന്റെയും കൃത്യതയാർന്ന പ്രവർത്തനങ്ങളുടെയും പര്യായമായാണ് ഇന്ന് അറിയപ്പെടുന്നത്. ISO 9001:2015 ഗുണമേന്മാ സാക്ഷ്യപത്രത്തോടെ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനികൾ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രയാണത്തിൽ വിശ്വസ്ത പങ്കാളിയായി മുന്നേറുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ വൻകിട പദ്ധതികൾ ഏറ്റെടുക്കാനും ഊർജ്ജ മേഖലയിൽ പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ കൈവരിക്കാനുമുള്ള തയാറെടുപ്പിലാണ് ഈ പ്രവാസി മലയാളി പ്രസ്ഥാനം.

You may also like