ഡേറ്റിങ് ആപ്പിലെ സൗഹൃദം വഴിത്തിരിവായി; യുവതിയുടെ വ്യാജ കണ്ണീർക്കഥയിൽ വീണ് ഡോംബിവ്‌ലി സ്വദേശിയായ എഴുപതുകാരന് നഷ്ടമായത് 18.22 ലക്ഷം രൂപ

by WhatsUp Mumbai

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ വ്യാജ പീഡനക്കഥയിൽ വിശ്വസിച്ച് ഡോംബിവ്‌ലി സ്വദേശിയായ എഴുപതുകാരന് നഷ്ടമായത് 18.22 ലക്ഷം രൂപ. സംഭവത്തിൽ വയോധികന്റെ പരാതിയെത്തുടർന്ന് തിലക് നഗർ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2024 ജൂണിലാണ് ഡോംബിവ്‌ലി സ്വദേശിയായ വയോധികൻ ഒരു ഡേറ്റിങ് ആപ്പിലൂടെ സ്വയം ‘പ്രിയ’ എന്ന് പരിചയപ്പെടുത്തിയ യുവതിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയക്കാനും സംസാരിക്കാനും തുടങ്ങി. ഇതിനിടെ, താൻ കുടുംബാംഗങ്ങളിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടുകയാണെന്നും ജീവൻ രക്ഷിക്കാൻ അടിയന്തരമായി പണം വേണമെന്നും യുവതി വയോധികനെ വിശ്വസിപ്പിച്ചു.

​യുവതിയെ സഹായിക്കാനായി 2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വയോധികൻ ബാങ്ക് അക്കൗണ്ട് വഴി പല തവണയായി ആകെ 18,22,236 രൂപ അയച്ചുകൊടുത്തു. എന്നാൽ പണം കൈപ്പറ്റിയ ശേഷം യുവതി വാട്സാപ്പിൽ സന്ദേശ അയക്കുന്നത് നിർത്തുകയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായത്.

കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ വയോധികൻ ഉടൻ തന്നെ തിലക് നഗർ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 318(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വയോധികനിൽ നിന്ന് പണം തട്ടിയ അജ്ഞാതയായ യുവതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like