മുംബൈ: കേരളീയ സംസ്കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത് ഷിൻഡെ. നാടും ഭാഷയും വിട്ട് വിവിധ പ്രദേശങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലും മഹാരാഷ്ട്രയിലും മലയാളി സമൂഹം വിവിധ മേഖലകളിൽ നൽകുന്ന സംഭാവനകൾ സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് വലിയ പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. ശ്രീകാന്ത് ഷിൻഡെ എം.പി.

ഭദ്രദീപം കൊളുത്തി, അനിൽ പൊതുവാളും സംഘവും ചേർന്നവതരിപ്പിച്ച വാദ്യമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. ചലച്ചിത്ര നടൻ ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു. രാജേഷ് മോറെ എം എൽ എ. മുൻ ലോകസഭാംഗം ആനന്ദ് പരഞ്ജ്‌പെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ നന്മയും ഐക്യവും പ്രസരിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളെയും ആഘോഷ പരിപാടികളെയും ജയരാജ് വാരിയർ പ്രകീർത്തിച്ചു. തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിൽ പാട്ടും കവിതയും കോർത്തിണക്കിയ അവതരണത്തിലൂടെ ജയരാജ് സദസ്സിൽ ചിരിയും ചിന്തയും ഒരുപോലെ പകർന്നു.
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ എന്നിവർ വേദി പങ്കിട്ടു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും ഭാരവാഹികൾ വിശദീകരിച്ചു.
തുടർന്ന് ഗണേഷ് അയ്യർ (ഡോംബിവ്‌ലി), ഷീന ശങ്കർ (കോപ്പർഖൈരൺ), മാധുരി പ്രതാപ് (താനെ), സുജിത ബാലകൃഷ്ണൻ, തനിമ, ഡോംബിവ്‌ലി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ ശ്രദ്ധേയമായി.
ഒരു വർഷം പൂർത്തിയാക്കിയ ആഗോള സംഘടനയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ കേക്ക് മുറിച്ച് ഒന്നാം വാർഷികം ആഘോഷിച്ചു. സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന് ചുക്കാൻ പിടിച്ച ഡോ. ഉമ്മൻ ഡേവിഡിനെ ചടങ്ങിൽ ചലച്ചിത്ര നടൻ ജയരാജ് വാര്യരും ഡോ. റോയ് ജോൺ മാത്യുവും ചേർന്ന് ആദരിച്ചു.
ജയരാജ് വാരിയർ നയിച്ച ആവേശോജ്വലമായ വഞ്ചിപ്പാട്ടോടെയാണ് ഓണാഘോഷ പരിപാടികൾക്ക് കൊട്ടിക്കലാശമായത്. ചുണ്ടൻവള്ളത്തിന്റെ അമരത്ത് പേട്രൺ ഡോ. ഉമ്മൻ ഡേവിഡ് ആവേശം പകർന്നപ്പോൾ, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ എന്നിവരടക്കം കോർ കമ്മിറ്റി അംഗങ്ങളും ഒപ്പം ചേർന്ന് താളത്തിനൊത്ത് തുഴഞ്ഞു. മലയാളികളുടെ ഒരുമയുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും സന്ദേശം വേദിയിൽ നിറഞ്ഞുനിന്ന ഈ വഞ്ചിപ്പാട്ട് ഓണാഘോഷത്തിന്റെ ആവേശകരമായ സമാപനമായി മാറി. ഓണാഘോഷത്തെ വിജയമാക്കിയ സംഘടനയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ പേട്രൺ ഡോ .ഉമ്മൻ ഡേവിഡ് പ്രസിഡന്റ് ഡോ റോയ് ജോൺ മാത്യു എന്നിവർ അഭിനന്ദിച്ചു.
മഹാബലിയായി പവിത്രൻ നായർ പ്രത്യേകം തയ്യാറാക്കിയ സെൽഫി പോയിന്റിൽ താരമായി. എം പി ശ്രീകാന്ത് ഷിൻഡെ അനുഗ്രഹം വാങ്ങാൻ കാൽ തൊട്ട് വന്ദിച്ചതും കൗതുകക്കാഴ്ചയായി.
സിന്ധു നായർ, അഞ്ജലി മേനോൻ, മനോജ് അയ്യനേത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഡ്വ. രാഖി സുനിൽ നന്ദി പ്രകാശിപ്പിച്ചു