മുംബൈ: റായ്ഗഡ് ജില്ലയിലെ കർജത്തിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിക്കായി 32,490-ലധികം മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഇത് വെറുമൊരു വൃക്ഷത്തടിയല്ല, മറിച്ച് ഒരു ആവാസവ്യവസ്ഥയുടെ തന്നെ പൂർണ്ണമായ അവസാനമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും എൻസിപി (എസ്‍പി) എംഎൽഎ രോഹിത് പവാറും ആരോപിച്ചു.
ടോറന്റ് പവർ കമ്പനിയുടെ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിക്കായി സായ്ഡോംഗർ മേഖലയിലെയും ഭീമാശങ്കർ പ്രദേശത്തെയും വനഭൂമിയിലാണ് വൻതോതിലുള്ള വൃക്ഷനശീകരണം നടക്കുന്നത്. നൂറുകണക്കിന് ഹെക്ടറില് വ്യാപിച്ചുകിടക്കുന്ന വനങ്ങൾ നശിപ്പിക്കുന്നതിലൂടെ പ്രദേശത്തെ ജൈവവൈവിധ്യം പൂർണ്ണമായി തകരുമെന്നും ഇനിയും വെട്ടുന്ന മരങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും രോഹിത് പവാർ ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ പേരിൽ പ്രകൃതിയെയും പക്ഷികളുടെ ആവാസവ്യവസ്ഥയെയും ക്രൂരമായി നശിപ്പിക്കുന്ന സർക്കാരിന്റെ നടപടിയെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷവും പ്രാദേശിക കൂട്ടായ്മകളും തയ്യാറെടുക്കുകയാണ്.