മുംബൈ: യാത്രാപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ മെട്രോ ലൈൻ 5-ന്റെ താനെ-ഭിവണ്ടി ഇടനാഴിയിലേക്ക് ആദ്യ മെട്രോ തീവണ്ടി എത്തിച്ചേർന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് മെട്രോ റേക് പാതയിലെത്തിച്ചത്. ഇതോടെ ഈ പാതയിലെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
മെട്രോ പാതയിലെ ട്രാക്കുകളുടെയും ഓവർഹെഡ് ഇക്വിപ്മെന്റുകളുടെയും വൈദ്യുതീകരണ ജോലികൾ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദ്യ തീവണ്ടി എത്തിച്ചിട്ടുള്ളത്. ഈ പാതയിലെ സ്റ്റേഷനുകളുടെ അവസാന ഘട്ട ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുന്നതിനോടൊപ്പം അടുത്ത ആഴ്ച മുതൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടങ്ങളും ആരംഭിക്കും.
തുടക്കത്തിൽ മെട്രോ ലൈൻ 2എ, 7 എന്നീ പാതകൾക്കായി എത്തിച്ച തീവണ്ടികളാണ് താൽക്കാലികമായി ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ലൈൻ 5-നായി പ്രത്യേകമായി ഓർഡർ ചെയ്തിട്ടുള്ള പുതിയ തീവണ്ടികൾ അടുത്ത വർഷത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശേലി ടോൾ പ്ലാസയ്ക്ക് സമീപം 27 ഹെക്ടറിലധികം സ്ഥലത്ത് കാർഷെഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകാൻ സമയമെടുക്കും എന്നതിനാൽ, പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി താൽക്കാലിക പിറ്റ് ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്.