നവിമുംബൈ : കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചാനയിച്ച് മുംബൈയിലും നവിമുംബൈയിലും വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമായി. അറിവിലേക്കും വിദ്യയിലേക്കും പിഞ്ചുമക്കൾ ആദ്യമായി പ്രവേശിക്കുന്ന സുദിനത്തിൽ, മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമാണ് ചടങ്ങുകൾ നടക്കുന്നത്.

നവിമുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വാഷി സെക്ടർ 8 ഇൽ സ്ഥിതി ചെയ്യുന്ന ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. പുലർച്ചെ മുതൽ ആരംഭിച്ച ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ധനേഷ് നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

വിദ്യാരംഭത്തോടനുബന്ധിച്ച് വിദ്യാ ഗോപാല മന്ത്ര അർച്ചനയും നാരായണീയ പാരായണവും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ചടങ്ങുകൾക്കായും ദർശനത്തിനുമായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ വിദ്യാരംഭത്തിനായുള്ള മുഴുവൻ ക്രമീകരണങ്ങളും ക്ഷേത്രത്തിൽ പൂർത്തിയായിരുന്നു.

കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചുകൊണ്ട് ഗുരുക്കന്മാരോ മുതിർന്നവരോ കുട്ടിയുടെ നാവിൽ സ്വർണം കൊണ്ടും, തുടർന്ന് അരിയിലോ മണലിലോ വിരൽതുമ്പുകൊണ്ട് ‘ഹരി ശ്രീ ഗണപതയേ നമ:’ എന്ന് എഴുതിച്ചതോടെയാണ് ഓരോ കുഞ്ഞിന്റെയും വിദ്യാരംഭച്ചടങ്ങ് പൂർത്തിയായത്.


