മുംബൈയുടെ ചരിത്രവഴിയിൽ ചരിത്രമെഴുതാൻ ‘ശിവദം’; ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ശ്രീനാരായണഗുരുദേവന്റെ ദൈവദശകം മറാത്തിയിൽ മുഴങ്ങും

by admin

മുംബൈ: ഭാരതത്തിന്റെ ചരിത്രസ്മാരകമായ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. വിശ്വമാനവിക സന്ദേശം നൽകുന്ന ‘ദൈവദശകം’ മറാത്തി ഭാഷയിലെ ആലാപനവും ഗുരു കൃതികളുടെ വിസ്മയകരമായ നൃത്താവിഷ്‌ക്കാരവും കോർത്തിണക്കി ‘ശിവദം’ എന്ന പേരിൽ ഒരുക്കുന്ന മെഗാ കൾചറൽ ഇവന്റ് 2026 ഒക്ടോബർ 30 ന് വൈകിട്ട് 5 മണിക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുൻപിൽ അരങ്ങേറും. ദൈവദശകം കൂട്ടായ്മയുടെ (ദൈവദശകം ബ്രദർഹുഡ്) നേതൃത്വത്തിലാണ് ഈ ബ്രഹ്മാണ്ഡ പരിപാടി സംഘടിപ്പിക്കുന്നത്.

മറാത്തി ഭാഷയിൽ ദൈവദശകം; മൺകൂടുകളെ അതിജീവിക്കുന്ന ഏകലോക ദർശനം

മുംബൈ സ്വദേശി ഹേമാംഗി പക്നിക്കറാണ് ദൈവദശകം മറാത്തി ഭാഷയിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. ഹേമാംഗി പക്നിക്കറും മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത പഠന വിദ്യാർഥികളും മറാത്തി ഭാഷയിൽ പ്രാവീണ്യമുള്ളവരും ഈ ചരിത്ര ആലാപനത്തിൽ പങ്കാളികളാകുന്നു. പരിപാടിയുടെ ഭാഗമായി ആദ്യത്തെ 6 മിനിറ്റിൽ 200 ഓളം പേർ മറാത്തി ദൈവദശകം ഒരേ സ്വരത്തിൽ ആലപിക്കും. ഇതിൽ 150 പേർ നോൺ മലയാളികളും 50 പേർ മലയാളികളുമാണ്. ദൈവദശകം മറാത്തി ഭാഷയിൽ ആലാപനം ചെയ്യുന്നതിലൂടെ മഹാരാഷ്ട്ര സമൂഹത്തിന് ഗുരുവിന്റെ ദർശനങ്ങൾ അർത്ഥവത്തായി ഗ്രഹിക്കാൻ കഴിഞ്ഞുവെന്നും, കുറഞ്ഞത് 200 കുടുംബങ്ങളിലെങ്കിലും ഇത് എത്തിക്കാൻ സാധിച്ചുവെന്നും ഗുരുധർമ്മ പ്രചാരണമാണ് ലക്ഷ്യമെന്നും ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

മോഹിനിയാട്ടത്തിലും ഭരതനാട്ട്യത്തിലും വിരിഞ്ഞ് ഗുരു ദർശനങ്ങൾ

മറാത്തി ആലാപനത്തിന് ശേഷം, കലാമണ്ഡലം കൽപ്പിത സർവകലാശാല മോഹിനിയാട്ടം വിഭാഗം മുൻ മേധാവി കലാമണ്ഡലം ഹൈമവതി നൃത്തസംവിധാനം നിർവഹിച്ച ‘ദൈവദശകം മോഹിനിയാട്ടം’ ദൈവദശകം കൂട്ടായ്മയിലെ നർത്തകർ അവതരിപ്പിക്കും. സാഹിത്യ ഭംഗിയും ദാർശനിക ബോധവും നിറഞ്ഞ ഉപനിഷദ് സമാനമായ ദൈവദശകം, മോഹിനിയാട്ടത്തിന്റെ ചുവടുകളിൽ ഇതിനുമുമ്പ് അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളതാണ്.

തുടർന്ന്, ഗുരുവിന്റെ പ്രധാന ശിവസ്തുതികളിൽ ഒന്നായ ‘ചിദംബരാഷ്ടകം’ ഭരതനാട്ട്യത്തിന്റെ ചാരുതയാർന്ന ചുവടുകളോടെ 250 നർത്തകർ ലോകത്തിന് മുൻപിൽ സമർപ്പിക്കും. ഒറ്റപ്പാലം സ്വദേശി രമ്യ കലാശൈലമാണ് ചിദംബരാഷ്ടകം ഭരതനാട്ട്യത്തിൽ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ബിജീഷ് കൃഷ്ണയാണ് ഇതിന് സംഗീതം നൽകിയിരിക്കുന്നത്. ചിദംബരം ക്ഷേത്രദർശനത്തിനിടയിൽ ഗുരുവിന്റെ തൂലികയിൽ നിന്ന് ഉത്ഭവിച്ച ചിദംബര മഹത്വം പാടിപ്പുകഴ്ത്തുന്ന 8 പദ്യങ്ങൾ ഉൾപ്പെട്ട ഭക്തിഭാവ സാന്ദ്രമായ കൃതിയാണിത്.

വിപുലമായ ഒരുക്കങ്ങളും ഏകോപനത്തിന് നേതൃത്വം നൽകി കലാമണ്ഡലം രാജലക്ഷ്മിയും

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഈ മെഗാ ഇവന്റിൽ പങ്കാളികളാകും. മുംബൈ നെരുളിലെ ഗുരുദേവ ഗിരി ഹാളിൽ മുംബൈയിലെ നൃത്ത അധ്യാപകരുടെ യോഗം ചേർന്ന് ഇതിനായുള്ള പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. നൃത്ത അധ്യാപകൻ കെ.വി. രാജൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ മഞ്ജു വിനു, ലക്ഷ്‌മി സിബി, ഡോ. കൃഷ്ണേന്ദു, കലാമണ്ഡലം ശ്രീലക്ഷ്‌മി, രജനി നാരായൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഈ ചരിത്ര സംരംഭത്തിന്റെ മുഴുവൻ ഏകോപന ചുമതലയും വഹിക്കുന്നത് ‘എന്റെ ഗുരു’ മുംബൈ ചെയർപേഴ്‌സൺ കൂടിയായ കലാമണ്ഡലം രാജലക്ഷ്മിയാണ്. ചെമ്പൂർ എസ്.എൻ.എം.എസ് സ്കൂൾ കേന്ദ്രീകരിച്ചാണ് ഇവർ പരിപാടിയുടെ തയാറെടുപ്പുകളും സംഘാടനവും ഏകോപിപ്പിക്കുന്നത്. സാംസ്കാരിക കൂട്ടായ്മകളെയും കലാകാരന്മാരെയും ഒരുമിപ്പിച്ച് ഈ മഹാപരിപാടി കുറ്റമറ്റ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കലാമണ്ഡലം രാജലക്ഷ്മിയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഇത്തരമൊരു ചരിത്രപ്രധാനമായ ഗുരുദേവ കലാസന്ധ്യയുടെ ഭാഗമാകാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും, ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ അരങ്ങേറുന്ന ഈ അപൂർവ്വ നിമിഷങ്ങളെക്കുറിച്ചുള്ള ഏകോപന ചുമതലകളിൽ അതീവ ആവേശത്തിലുമാണെന്ന് കലാമണ്ഡലം രാജലക്ഷ്മി വ്യക്തമാക്കി.

ചരിത്രത്തിന്റെ ഭാഗമാകാൻ മുംബൈ; വിദേശങ്ങളിലേക്കും ഗുരുസന്ദേശം

2019 ഒക്ടോബർ 29-ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 1050 പേർ പങ്കെടുത്തുകൊണ്ട് അവതരിപ്പിച്ച ദൈവദശകം ആഗോളതലത്തിൽ വൻ ശ്രദ്ധ നേടിയിരുന്നു. അതിന്റെ തുടർച്ചയായി, ഇന്ത്യയുടെ തന്നെ വൻ ആകർഷണ കേന്ദ്രമായ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഗുരുദർശനം പ്രസരിപ്പിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ഭാവിയിൽ ഇന്ത്യയ്ക്ക് പുറത്തും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഗിരീഷ് ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

ദേശകാലങ്ങൾക്ക് അതീതമായ ഗുരുകൃതികളുടെ നൃത്താവിഷ്‌ക്കാരത്തിലൂടെ ഭൂപടങ്ങളുടെ അതിരുകളെ മായ്ക്കുന്ന ഒരു ഏകലോക ദർശനത്തിന്റെ വെളിച്ചമാണ് മുംബൈയുടെ മണ്ണിൽ പ്രസരിക്കാൻ പോകുന്നത്. ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഈ സാംസ്കാരിക വിരുന്ന് മുംബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു സുവർണ്ണ ഏടായി മാറുമെന്നുറപ്പാണ്.

You may also like