മുംബൈ യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്ന യാത്രാദുരിതം; ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

by WhatsUp Mumbai

മുംബൈ: മഹാനഗരത്തിലെ കഠിനമായ യാത്രാദുരിതം ജനങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. റോഡുകളിലെ ഗതാഗതക്കുരുക്ക്, മോശം റോഡുകൾ, തിരക്കേറിയ ട്രെയിനുകളിലും ബസുകളിലും മണിക്കൂറുകളോളം നിന്നുകൊണ്ടുള്ള യാത്ര എന്നിവയാണ് നട്ടെല്ലിനും കഴുത്തിനും കടുത്ത ഭീഷണിയാകുന്നത്.

തുടർച്ചയായ ആഘാതവും തെറ്റായ ഇരുപ്പ് ശീലങ്ങളും കാരണം ചെറുപ്പക്കാരിൽ പോലും കഴുത്തുവേദന, നടുവേദന, ഡിസ്ക് തകരാറുകൾ എന്നിവ വർധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആരംഭത്തിൽ തന്നെ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ഇത് ഭാവിയിൽ മാറാരോഗമായി മാറാൻ സാധ്യതയുണ്ട്.

വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ കണ്ടുതുടങ്ങുമ്പോൾ തന്നെ കൃത്യമായ ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. യാത്രയിലുടനീളം ശരീരം നേരെ നിർത്തുക, ഇടവേളകളിൽ ലളിതമായ വ്യായാമങ്ങൾ ചെയ്യുക, അമിതഭാരമുള്ള ബാഗുകൾ ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം.

You may also like