മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) റെയിൽവേ സംരക്ഷണ സേനയുടെ (RPF) കസ്റ്റഡിയിലിരിക്കെ 35-കാരൻ മരിച്ചു. മധ്യപ്രദേശിലെ ഖണ്ട്വ സ്വദേശിയായ ഇമ്രാൻ ഷെയ്ഖ് ആണ് മരിച്ചത്. സംഭവത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അന്വേഷണം ആരംഭിച്ചു.
ജോലി അന്വേഷിച്ചാണ് ഇമ്രാൻ ഷെയ്ഖ് രണ്ടു ദിവസം മുൻപ് മുംബൈയിലെത്തിയത്. ഖണ്ട്വയിലേക്കുള്ള തീവണ്ടികളെക്കുറിച്ച് അറിയാൻ സെപ്റ്റംബർ 20-ന് രാവിലെ 10:18 ഓടെ ഇയാൾ സിഎസ്എംടിയിലെ ആർപിഎഫ് പോസ്റ്റിലെത്തുകയായിരുന്നു. ചിലർ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് വിചിത്രമായി പെരുമാറിയ ഇയാൾ അക്രമകാരിയാവുകയും ആർപിഎഫ് സബ് ഇൻസ്പെക്ടർ അനികേതിനെ മർദ്ദിക്കുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തതായി റെയിൽവേ അധികൃതർ പറയുന്നു. സ്വയം ഉപദ്രവിക്കുന്നത് തടയാൻ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നെന്നും തുടർന്ന് ജിആർപി (GRP) ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നെന്നും ആർപിഎഫ് വ്യക്തമാക്കി.
എന്നാൽ ഇമ്രാൻ ഷെയ്ഖിനെ ആർപിഎഫ് ജീവനക്കാർ മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പരിക്കേറ്റ നിലയിൽ ആർപിഎഫ് കസ്റ്റഡിയിലായിരുന്ന യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂ.