ഞെട്ടിച്ച് കണക്കുകൾ; ഐഐടി ബോംബെയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ജീവനൊടുക്കിയത് 14 വിദ്യാർഥികൾ

by WhatsUp Mumbai

മുംബൈ: രാജ്യത്തെ ഏറ്റവും പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി ബോംബെയിൽ കഴിഞ്ഞ 20 വർഷത്തിനിടെ 14 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. വിവരാവകാശ രേഖകളും മാധ്യമ റിപ്പോർട്ടുകളും മുൻനിർത്തി ഐഐടി കാൻപൂർ പൂർവവിദ്യാർഥിയായ ധീരജ് സിങ് നടത്തിയ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

2006 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ഐഐടികളിലായി കുറഞ്ഞത് 171 വിദ്യാർഥികളെങ്കിലും ആത്മഹത്യയോ മറ്റ് അസ്വാഭാവിക മരണങ്ങളോ മൂലം ജീവൻ വെടിഞ്ഞിട്ടുണ്ട്. ഇതിൽ 82 ശതമാനം മരണങ്ങളും ക്യാമ്പസുകൾക്കുള്ളിൽ വച്ചുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. പരീക്ഷാ സമയങ്ങളിലും ഫലപ്രഖ്യാപന വേളകളിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അക്കാദമിക് സമ്മർദ്ദം, മാനസികാരോഗ്യ പിന്തുണയുടെ കുറവ്, വിവേചനങ്ങൾ, ക്യാമ്പസുകളിലെ അന്തരീക്ഷം എന്നിവയാണ് പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനറൽ കാറ്റഗറി വിദ്യാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കിടയിലെ ആത്മഹത്യാ നിരക്ക് ഇരട്ടിയോളമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഈ നിരക്കിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും ധീരജ് സിങ്ങിന്റെ വിശകലനത്തിൽ പറയുന്നു.

സമീപദിവസങ്ങളിൽ ഐഐടി ബോംബെയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സാഹിൽ വാക്കോഡെ (22) പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി (ChatGPT) ഉപയോഗിച്ചു എന്നാരോപിച്ച് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തുടർന്ന് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡീൻ പ്രൊഫസർ സൂര്യനാരായണ ഡൂളയെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. സംഭവത്തിൽ പവായി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

You may also like