​’ഓപ്പറേഷൻ ടൈഗർ’ അവസാന ഘട്ടത്തിൽ: ഉദ്ധവ് പക്ഷത്തെ 7 എംപിമാർ ഷിൻഡെ സേനയിലേക്ക്?

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ശിവസേനയിൽ വീണ്ടും വൻ കൂറുമാറ്റ സൂചന. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (UBT) വിഭാഗത്തിലെ ഏഴ് ലോക്സഭാ എംപിമാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാർട്ടിയുമായി കൈകോർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കം അന്തിമ ഘട്ടത്തിലാണെന്ന് ഷിൻഡെ പക്ഷത്തെ എംഎൽസി കൃപാൽ തുമേനെ വെളിപ്പെടുത്തി. ഉദ്ധവ് പക്ഷത്തെ 9 എംപിമാരിൽ 7 പേരും തങ്ങളുടെ മണ്ഡലങ്ങളിലെ വികസനം മുൻനിർത്തി ഷിൻഡെയുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇവർക്ക് പുറമെ 16 എംഎൽഎമാരും തങ്ങളുമായി സമ്പർക്കത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ ഭാവി ഇരുളടഞ്ഞതാണെന്നും 2029 ഓടെ ഈ പാർട്ടി പൂർണ്ണമായും അവസാനിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളിൽ ആകർഷിച്ചാണ് ആളുകൾ എത്തുന്നതെന്ന് ശിവസേന നേതാവ് ഷൈന എൻസി പ്രതികരിച്ചു.

അതേസമയം, ഈ വാർത്തകളെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ഉദ്ധവ് പക്ഷത്തെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് തള്ളിപ്പറഞ്ഞു. തങ്ങളുടെ പാർട്ടി ഒറ്റക്കെട്ടാണെന്നും ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ എല്ലാ എംപിമാരും പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, താൻ പാർട്ടിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ ഉദ്ധവ് പക്ഷത്തെ ഷിർദ്ദി എംപി ഭാവുസാഹേബ് വക്ചൗരെ, “നാളത്തെ കാര്യം പ്രവചിക്കാൻ കഴിയില്ല” എന്ന് കൂട്ടിച്ചേർത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

You may also like