തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ച പ്രകടനമാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലത്തിൽ രേഖപ്പെട്ടത്. പരാജയം ഉറപ്പിച്ചതായി കരുതിയിരുന്ന പോരാട്ടത്തിൽ നിന്ന് അസാധ്യമായതിനെ സാധ്യമാക്കി സന്ദീപ് വാര്യർ നേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരെയുപോലും ഞെട്ടിച്ചിരിക്കുകയാണ്. ശക്തമായ എതിരാളികളും മണ്ഡലത്തിന്റെ പഴയ രാഷ്ട്രീയ സമവാക്യങ്ങളും നിലനിന്ന സാഹചര്യത്തിൽ ഈ വിജയം പ്രതീക്ഷകൾക്കപ്പുറത്തേതായി വിലയിരുത്തപ്പെടുന്നു.

അതേസമയം, തൃക്കരിപ്പൂരിലെ യുഡിഎഫ് വിജയഗാഥയിൽ ആവേശകരമായൊരു അധ്യായം കുറിച്ചത് മുംബൈയിലെ ലീഗ് പ്രവർത്തകരാണ്. മഹാനഗരത്തിലെ തിരക്കുകൾക്കിടയിലും സ്വന്തം നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചിന്തയോടെ എഐകെഎംസിസിയുടെ ഇരുനൂറിലധികം പ്രവർത്തകർ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തി. കിലോമീറ്ററുകൾ താണ്ടിയെത്തിയ ഇവരുടെ സാന്നിധ്യം വിജയത്തിൽ നിർണായക ഘടകമായി മാറി

വോട്ടുകൾ രേഖപ്പെടുത്തുന്നതിലുപരി, നാടിനോടുള്ള ഉത്തരവാദിത്വബോധമാണ് ഇവരെ പ്രേരിപ്പിച്ചതെന്ന് പ്രവർത്തകർ വ്യക്തമാക്കി. മുംബൈയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇവർ സമയം കണ്ടെത്തി നാട്ടിലെത്തിയതിലൂടെ സംഘടനാതലത്തിൽ വലിയ ഏകോപനവും പ്രതിബദ്ധതയും പ്രകടമായി. ഈ വിജയം തൃക്കരിപ്പൂരിലെ വോട്ടർമാരുടേതിനൊപ്പം മുംബൈയിലെ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ഫലമാണെന്നാണ് വിലയിരുത്തൽ.

എഐകെഎംസിസി ഭാരവാഹികളായ വികെ സൈനുദ്ദീനൻ, കെഎംഎ റഹ്മാൻ, ഇഖ്ബാൽ പി.എം, കബീർ വി.കെ, അൻസാർ കുർള, ഷംനാസ് തുടങ്ങിയവർ നേരിട്ട് മണ്ഡലത്തിൽ എത്തി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി.കൂടാതെ ഇവരിൽ ഭൂരിഭാഗം പേരും മണ്ഡലത്തിൽ പല യോഗങ്ങളിലും പങ്കെടുത്തു.മുംബൈയിലെ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ് പടന്നയും ദിവസങ്ങളോളം പ്രചാരണത്തിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
തകർന്നത് ഇടതുകോട്ട
സിപിഎമ്മിന്റെ ഉറച്ച പിടിയിലായിരുന്ന മണ്ഡലമായ തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ മത്സരിക്കാൻ എത്തിയപ്പോൾ ഇത് ഏകപക്ഷീയമായ പോരാട്ടമെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എതിരാളികളുടെ സംഘടനാ ശക്തിയും മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രവും പരിഗണിക്കുമ്പോൾ വിജയം ദൂരസ്വപ്നമാണെന്ന് പോലും രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നു. എന്നാൽ ആ പ്രവചനങ്ങളെല്ലാം തകർത്തുകൊണ്ട് സന്ദീപ് വാര്യർ ജനങ്ങളിലേക്ക് നേരിട്ട് എത്തുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.