നോർക്ക പ്രീമിയം വർധന പിൻവലിക്കണം, 70 കഴിഞ്ഞവർക്കും ഐഡി കാർഡ് നൽകണം: എൻ ബി കെ എസ്

by admin

നവിമുംബൈ : പ്രവാസി മലയാളികൾക്കായുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്ക് കുത്തനെ കൂട്ടിയതിനെതിരെയും 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് നോർക്ക ഐഡി കാർഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ന്യൂ ബോംബെ കേരളീയ സമാജം (എൻ ബി കെ എസ്) നിവേദനം നൽകി. നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് ജോസഫ്, മുഖ്യമന്ത്രി വി ഡി സതീശൻ എന്നിവർക്കാണ് സംഘടന വെവ്വേറെ നിവേദനങ്ങൾ സമർപ്പിച്ചത്.

പ്രവാസി മലയാളി സമൂഹത്തിന് കേരള സർക്കാരുമായി ബന്ധപ്പെടുന്നതിനുള്ള ഏകീകൃത സംവിധാനമായ നോർക്ക-റൂട്ട്സ് ഐഡി കാർഡ് 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും ലഭ്യമാക്കണമെന്ന് എൻ ബി കെ എസ് ആവശ്യപ്പെട്ടു. നിലവിൽ ഈ പ്രായപരിധി കാരണം മുതിർന്ന വലിയൊരു വിഭാഗം പ്രവാസികൾ നോർക്കയുടെ സേവന പരിരക്ഷയിൽ നിന്ന് പുറത്താണ്. നോർക്ക കെയറിന്റെ 26-27 കാലയളവിൽ 110 വയസ്സുവരെയുള്ളവർക്ക് പരിരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ ഐഡി കാർഡിന്റെ കാലാവധി 70 വയസ്സിന് മുകളിലേക്ക് ഉയർത്തണം. റവന്യൂ സേവനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഐഡി കാർഡ് അത്യന്താപേക്ഷിതമായതിനാൽ ഇത് നിഷേധിക്കപ്പെടരുത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയാണെങ്കിലും 70 കഴിഞ്ഞവർക്ക് പ്രത്യേക ഐഡി കാർഡെങ്കിലും അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണം.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം മൂന്ന് ഇരട്ടിയോളം വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ രണ്ടായിരത്തോളം അംഗങ്ങളുള്ള സംഘടനയാണ് എൻ ബി കെ എസ്. നോർക്ക രൂപീകരിച്ച കാലം മുതൽ നിരവധി പ്രവാസികളെ കാമ്പമ്പുകൾ നടത്തി എൻ ആർ കെ ഐഡി കാർഡിലും നോർക്ക കെയർ പദ്ധതിയിലും ചേർത്തിട്ടുണ്ട്. എന്നാൽ പുതിയ ലിസ്റ്റിൽ പ്രീമിയം വലിയ തോതിൽ വർധിപ്പിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാണ്. പ്രവാസികളുടെ സാമ്പത്തിക സാഹചര്യവും വയോജനങ്ങളുടെ ക്ഷേമവും പരിഗണിച്ച് ന്യായമായ നിരക്കിൽ പദ്ധതി തുടരാൻ സർക്കാർ ഇടപെടണമെന്ന് എൻ ബി കെ എസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

You may also like