നാലസൊപാരായിൽ അഞ്ചാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നു വീണു: 8 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by admin

മുംബൈ: നാലസൊപാരാ വെസ്റ്റിൽ ഏഴ് നില റെസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റ് തകർന്നു വീണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാലസൊപാരാ വെസ്റ്റിലെ പഠാങ്കർ പാർക്ക് പ്രദേശത്തുള്ള ‘ധനഞ്ജയ് അവന്യൂ’ എന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ആൾക്കാരുമായി താഴേക്ക് വരികയായിരുന്ന ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ബിജെപി ഭാരവാഹിയായ സതീഷ് ഭോണ്ട്വേ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവസ്ഥലം സന്ദർശിച്ച എംഎൽഎ രാജൻ നായ്ക് പരിക്കേറ്റവരുടെ സ്ഥിതി വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചു. ലിഫ്റ്റിനുള്ളിൽ 5 മുതൽ 7 വരെ ആളുകൾ ഉണ്ടായിരുന്നുവെന്നും പലരുടെയും കാലുകൾക്ക് പരിക്കേൽക്കുകയും ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസും മുനിസിപ്പൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.പരിക്കേറ്റ അഞ്ച് പേർ ഇവിടെ ചികിത്സയിലാണെന്നും രണ്ടുപേരെ ഡോ. ഫാരൂഖ് ഷിൻഡെയുടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിൽഡറുടെ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെട്ടിടത്തിലെ താമസക്കാർ രംഗത്തെത്തി. രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ കെട്ടിടത്തിലെ ലിഫ്റ്റ് നിരന്തരം തകരാറിലാവാറുണ്ടായിരുന്നുവെന്നും, പലപ്പോഴും ആളുകൾ ഇതിൽ കുടുങ്ങിപ്പോകാറുണ്ടായിരുന്നുവെന്നും താമസക്കാർ ആരോപിക്കുന്നു. ലിഫ്റ്റിന്റെ മോശം അവസ്ഥയെക്കുറിച്ച് ബിൽഡറോട് നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You may also like