മുംബൈ : മുംബൈയിലെ ഭാണ്ഡൂപിൽ നടന്ന വിവാഹ ചടങ്ങിനിടയിൽ ഉച്ച ഭക്ഷണം കഴിച്ച നവവധൂവരന്മാർ ഉൾപ്പെടെ 30 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ എം.ടി അഗർവാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ടു പേരുടെ ഒഴിച്ച് എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാത്രി 11:40 ഓടെയാണ് രോഗികളെ ആശുപത്രിയിൽ എത്തിച്ചത്. ഛർദ്ദിയും വയറിളക്കവും അനുഭവിച്ചാണ് ഇവർ എത്തിയതെന്ന് എം.ടി അഗർവാൾ മുൻസിപ്പൽ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ കൈലാഷ് മാർസ്കോലെ മാധ്യമങ്ങളോട് പറഞ്ഞു. 4 കുട്ടികളും 15 സ്ത്രീകളും 11 പുരുഷന്മാരും ഉൾപ്പെടെ 30 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിഥികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയതെന്ന് വരന്റെ ബന്ധു ആരോപിച്ചു. സംഭവത്തിന് പൂർണ്ണ ഉത്തരവാദികൾ കാറ്ററിംഗ് ജീവനക്കാരാണെന്നും മോശപ്പെട്ട ഭക്ഷണമാണ് അവർ നൽകിയതെന്നും ബന്ധു കുറ്റപ്പെടുത്തി. ഈ സംഭവത്തിൽ തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറായ തുക്കാറാം മുണ്ടെയും മുംബൈ പോലീസും ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.