പാൽഘർ ജില്ലയിലെ വരോർ ഗ്രാമത്തിൽ നിർദ്ദിഷ്ട വധ്വൻ ആഴക്കടൽ തുറമുഖ പദ്ധതിക്കെതിരെ ആയിരക്കണക്കിന് നാട്ടുകാർ അണിനിരന്ന വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ്, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നീ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. പരിസ്ഥിതിക്കും തദ്ദേശീയരുടെ ഉപജീവനമാർഗ്ഗങ്ങൾക്കും പദ്ധതി ഭീഷണിയാണെന്ന ആശങ്കയെ തുടർന്നാണ് പ്രതിഷേധം ശക്തമാകുന്നത്.
ദഹാനുവിന് സമീപം കൃത്രിമ ദ്വീപ് നിർമ്മിച്ച് ആഴക്കടൽ തുറമുഖം സ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ കടൽ ജൈവവൈവിധ്യം നശിക്കുമെന്നും പരമ്പരാഗത മത്സ്യബന്ധന മേഖല തകരുമെന്നും തീരദേശ പരിസ്ഥിതി വ്യവസ്ഥ തകരുമെന്നും ചൂണ്ടിക്കാട്ടി ഗോത്രവർഗ്ഗക്കാരും കർഷകരും മത്സ്യത്തൊഴിലാളികളും ശക്തമായി എതിർക്കുകയാണ്. പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് മത്സ്യത്തൊഴിലാളി നേതാവ് ദേവേന്ദ്ര താണ്ഡെൽ വ്യക്തമാക്കി.
പ്രതിഷേധത്തിൽ പങ്കെടുത്ത മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കാൽ പദ്ധതിയുടെ പ്രയോജനങ്ങളെ ചോദ്യം ചെയ്യുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ വികസനം പ്രാദേശിക കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗം തകരാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, ജനങ്ങളുടെ ആശങ്കകൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി റദ്ദാക്കുന്നത് വരെ കോൺഗ്രസിന്റെ പിന്തുണയോടെ സമരം തുടരുമെന്നും ഹർഷവർദ്ധൻ സപ്കാൽ വ്യക്തമാക്കി.
പ്രതിഷേധ യോഗത്തിൽ ശിവസേന (യു.ബി.ടി) എം.എൽ.എ അംബാദാസ് ദാൻവെ, മുൻ എം.എൽ.എമാരായ ഹിതേന്ദ്ര ഠാക്കൂർ, കപിൽ പാട്ടീൽ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സത്യം ഠാക്കൂർ, സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബ്രിജ് കിഷോർ ദത്ത്, മനീഷ് ഗണോരെ, ധനഞ്ജയ് ഷിൻഡെ എന്നിവരും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.