റായ്പൂർ: മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്നുണ്ടായ മരണങ്ങളുടെ നടുക്കം മാറും മുൻപേ, രാജ്യത്ത് സമാനമായ മറ്റൊരു ദുരന്തം കൂടി. ഛത്തീസ്ഗഡിലെ കോർബയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചു. ഒരു കുടുംബത്തിലെ മറ്റു മൂന്ന് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴങ്ങൾ വഴിയുള്ള ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന ഭീതിയിലാണ് പ്രദേശം.
കോർബയിലെ ബൽഗി സ്വദേശിയായ യുവാവ് ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന തണ്ണിമത്തനാണ് അപകടമായത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്കെല്ലാം കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൗമാരക്കാരൻ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റു മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
മരണകാരണം വ്യക്തമാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. തണ്ണിമത്തനിൽ രാസവസ്തുക്കളുടെയോ കീടനാശിനികളുടെയോ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ അവശിഷ്ടങ്ങൾ ലാബ് പരിശോധനയ്ക്കായി അയച്ചു. മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ കുട്ടികൾ മരിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഛത്തീസ്ഗഡിലും സമാനമായ മരണം റിപ്പോർട്ട് ചെയ്തത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.