മുംബൈയിലെ 3 അണക്കെട്ടുകൾ കരകവിഞ്ഞൊഴുകുന്നു; ജലശേഖരം 90 ശതമാനം കടന്നു, ബി.എം.സിയുടെ പുതിയ കണക്കുകൾ പുറത്ത്

by WhatsUp Mumbai

​മുംബൈ:വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതോടെ മുംബൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലെ ആകെ ജലശേഖരം 90 ശതമാനം കടന്നു. മൂന്ന് പ്രധാന അണക്കെട്ടുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ വരുന്ന മാസങ്ങളിൽ നഗരത്തിൽ നേരിടാനിടയുള്ള കുടിവെള്ളക്ഷാമ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞു.
​ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ ഹൈഡ്രോളിക് എൻജിനീയർ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുംബൈയിലെ ഏഴ് തടാകങ്ങളിലുമായി നിലവിൽ 13.03 ലക്ഷം മില്യൺ ലിറ്റർ (13,03,500 മില്യൺ ലിറ്റർ) ജലശേഖരമുണ്ട്. ഇത് തടാകങ്ങളുടെ ആകെ സംഭരണശേഷിയുടെ 90.06 ശതമാനമാണ്. മുംബൈ, താനെ, പാൽഘർ, നാസിക് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകങ്ങളാണ് നഗരത്തിലെ പ്രതിദിന കുടിവെള്ള ആവശ്യത്തിന് ആശ്രയം.

ഏഴ് അണക്കെട്ടുകളിൽ പ്രဓာനപ്പെട്ട മോദക് സാഗർ, വിഹാർ, തുളസി എന്നീ മൂന്ന് തടാകങ്ങളാണ് നിലവിൽ കരകവിഞ്ഞൊഴുകുന്നത്. മറ്റൊരു പ്രധാന തടാകമായ താൻസയിലെ ജലനിരപ്പ് 99 ശതമാനം കടന്ന് പൂർണ്ണ സംഭരണശേഷിക്ക് തൊട്ടടുത്താണ്. മിഡിൽ വൈതരണയിൽ 92.15 ശതമാനവും, ഭട്സയിൽ 88.43 ശതമാനവും, അപ്പർ വൈതരണയിൽ 80.14 ശതമാനവും വെള്ളം നിറഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലും അതിനു മുൻപത്തെ വർഷത്തിലും ഇതേ ദിവസത്തെ ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ തുടർന്നും ലഭിക്കുകയാണെങ്കിൽ അണക്കെട്ടുകൾ പൂർണ്ണമായി നിറയുമെന്നും, ജനങ്ങൾ ജലം അനാവശ്യമായി പാഴാക്കാതെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ബി.എം.സി അധികൃതർ അഭ്യർത്ഥിച്ചു.

You may also like